ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌

കമ്പോളത്തില്‍ ഉണ്ടായ മുന്നേറ്റം അധിക കാലം നീണ്ടു നിന്നില്ല എങ്കിലും, മലയാളി കലാകാരന്മാരുടെ സവിശേഷമായ കലാസൃഷ്ടികള്‍ ലോകത്തിനു മുന്നില്‍ വരാന്‍ ഈ സംഭവങ്ങള്‍ ഇടയാക്കി. കേരളത്തില്‍ താമസിച്ചിരുന്ന കലാകാരന്മാര്‍ക്കും ഇന്ത്യയുടെയും ലോകത്തിന്റെയും ഇതര ഭാഗങ്ങളില്‍ ജീവിച്ചു കലാ പ്രവര്‍ത്തനം നടത്തുന്ന കലാകാരന്മാര്‍ക്കും, രാഷ്ട്രീയ സാമൂഹിക വിഷയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ടതും ആഗോള കലാരൂപങ്ങളുമായുള്ള പരിചയത്താല്‍ വികസിതവുമായ കലാവസ്തുക്കളെ ലോകത്തിനു മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു. ബിനോയ്‌ വര്‍ഗീസ്‌, സുമെധ് രാജേന്ദ്രന്‍, ജിജി സ്കറിയ, ജോര്‍ജ് മാര്‍ട്ടിന്‍, ജോഷ്‌ പി എസ്, സുകേശന്‍ കങ്ക തുടങ്ങിയവര്‍ അങ്ങിനെ മുന്‍ നിരയില്‍ എത്തിയവരാണ്. അഭിമന്യു വി. ജി, പ്രഭാകരന്‍, മധുസൂദനന്‍, രഘുനാഥന്‍, മുരളി ചീരോത്ത്‌, വിവേക് വിലാസിനി, രാജന്‍ കൃഷ്ണന്‍, മത്തായി കെ ടി, ആന്റണി കാരല്‍, രതീഷ്‌ ടി, ഭാഗ്യനാഥന്‍, അജയകുമാര്‍, അസീസ്‌ ടി. എം., സക്കീര്‍ ഹുസൈന്‍, എന്‍.എന്‍. റിംസണ്‍, എ.എസ്. സജിത്, ജ്യോതി ബാസു, ഗോപീക്യഷ്ണന്‍ എന്നിവരും പ്രശസ്തരായി. സ്ത്രീകളുടെ നിരയില്‍ നിന്ന് കേരളത്തില്‍ ശോശ ജോസഫ്‌, സജിത ശങ്കര്‍, ജലജ മോള്‍, പ്രീതി വടക്കത്ത്, സിജി കൃഷ്ണന്‍, ഉഷ രാമചന്ദ്രന്‍, ടോട്സി ആന്റണി, നിജീന നീലാംബരന്‍, രാധ ഗോമതി, ജെ.എല്‍. ശ്രീകുമാരി, ശ്രീജ. പി, സുവിത.കെ.വി, നിമ്മി മെല്‍വിന്‍ എന്നിവരും പ്രസക്തരായി.

ഇന്ന് കേരളത്തിലെ കലാരംഗം ഒരു തുറന്ന വേദിയാണ്. പ്രാദേശികവും, ആഗോളപരവുമായ ദൃശ്യ സംസ്കാരങ്ങളെ ഒരു പോലെ കൈകാര്യം ചെയ്തു കൊണ്ട് ലോകത്തിന്റെ ശ്രദ്ധയില്‍ വരാനുള്ള ശക്തി അത് കാട്ടിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പുകളെ കൂടാതെ കൊച്ചി മുസിരിസ് ബിനാലെ, ഗ്രഫിറ്റി ആര്‍ട്ട്‌ പ്രസ്ഥാനങ്ങള്‍, സ്വകാര്യ-പൊതു മേഖലകളിലുള്ള ഗ്യാലറികള്‍, ആര്‍ട്ടീരിയ പോലുള്ള ഗ്രൂപ്പുകള്‍ നടത്തുന്ന പൊതു ചുമരുകളിലെ ചിത്രങ്ങള്‍ തുടങ്ങിയ പലതും കേരളത്തിലെ കലയെ സജീവമാക്കിയിരിക്കുന്നു. കേരളത്തിനു അതിന്റെ ദൃശ്യ സംസ്കാരത്തെ ഇനിയും മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയും. ശരിയായ ദിശാബോധമാണ് അതിനു വേണ്ടത്. ശക്തമായ സൈദ്ധാന്തിക അടിത്തറയോടൊപ്പം തന്നെ കലാപ്രവര്‍ത്തകരും കാണികളും തമ്മിലുള്ള കൂടുതല്‍ കൊള്ളക്കൊടുക്കകള്‍ ഉണ്ടാകണം. ഇവ പടര്‍ന്നു പന്തലിക്കുന്നതിനു വേണ്ട ഒരു അന്തരീക്ഷം ഒരുക്കാന്‍ മാധ്യമങ്ങളും ഒരു വലിയ പങ്കു വഹിക്കണം.

കലയുടെ പരിപോഷണത്തിന് കേരള ലളിതകലാ അക്കാദമി നിര്‍വ്വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്. ചിത്രശില്പ കാഴ്ചകളിലൂടെ കലാരംഗം നവീകരിക്കപ്പെടേണ്ടത് എന്ന ഉള്‍ക്കാഴ്ചയോടെ പ്രദര്‍ശന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സമീപകാലത്ത് അക്കാദമി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. അതില്‍ പ്രധാനമാണ് സഞ്ചരിക്കുന്ന ചിത്രശാല. ആയിരത്തോളം ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോഗ്രാഫുകളും കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തി 2015 ഡിസംബറില്‍ 'കാഴ്ച' എന്ന പേരില്‍ ഒരുക്കിയ ബ്യഹത്തായ ചിത്രശില്പ പ്രദര്‍ശനമാണ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ കലാ പ്രദര്‍ശനം. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ കലാകാരന്മാരുടെ അപൂര്‍വ്വ സര്‍ഗസ്യഷ്ടികളാണ് കേരള ലളിത കലാ അക്കാദമി ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്.