ആധുനികചിത്രകല


വളര്‍ച്ചാ വഴികള്‍

1970 കളുടെ തുടക്കത്തില്‍ കേരളത്തിലെ ദൃശ്യകലാ രംഗത്ത് വ്യക്ത്യാധിഷ്ഠിത ചലനങ്ങള്‍ക്ക് പ്രാമുഖ്യം ഏറി വന്നു തുടങ്ങിയിരുന്നു. ചിത്രകാരന്മാരും ശില്പികളും എല്ലാം തന്നെ അസ്തിത്വവാദപരമായ ചിന്ത വച്ചു പുലര്‍ത്തിയിരുന്നു. കൂടാതെ അതിനുള്ള ഊര്ജമായി ഇന്ത്യയില്‍ ഒന്നാകെ വളര്‍ന്നു കൊണ്ടിരുന്ന സാമൂഹികമായ അസന്തുലിതത്വത്തിനു എതിരെ എടുക്കപ്പെട്ട തീവ്ര ഇടതു പക്ഷ നിലപാടുകളും ഉണ്ടായിരുന്നു. ഇവയില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ടു, തിരുവനന്തപുരം സ്കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഐതിഹാസികമായ സമരം വിജയം വരിക്കുകയും, ആ സ്ഥാപനം കോളേജ് ഓഫ് ആര്‍ട്ട്‌ എന്ന് നാം ഇന്നറിയുന്ന സ്ഥാപനമായി മാറുകയും ചെയ്തു. കെ പി കൃഷ്ണകുമാര്‍, റിംസന്‍, അലക്സ്‌ മാത്യു, ജീവന്‍ തോമസ്‌ തുടങ്ങി ഒരു പിടി വിദ്യാര്‍ഥികള്‍ ആ വര്‍ഷങ്ങളില്‍ സജീവമായി രംഗത്ത് വരികയും അവരില്‍ മിക്കവാറും എല്ലാവരും കേരളത്തിന്റെയെന്നല്ല ഇന്ത്യയുടെ തന്നെ കലാ രംഗത്ത് അവരവരുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു. അതിനും മുന്‍പ് തന്നെ, കെ. ജി സുബ്രമണ്യന്‍ പാലക്കാടു നിന്ന് മദ്രാസ് വഴി, വിദ്യാര്‍ഥി രാഷ്ട്രീയം ഒക്കെ നടത്തിയ ശേഷം ശാന്തിനികേതനത്തില്‍ എത്തുകയും പില്ക്കാലത്ത് ഇന്ത്യയൊട്ടുക്കു പ്രശസ്തനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ തൊട്ടു പിന്നാലെ തന്നെ എ. രാമചന്ദ്രനും ശാന്തിനികേതനം വഴി ദേശീയ കലാരംഗത്ത് പ്രശസ്തനായി. ഇരുവരും രാം കിങ്കര്‍ ബൈജിന്റെ ശിഷ്യന്മാര്‍ ആയിരുന്നു. എന്ന് മാത്രമല്ല ഇരുവര്‍ക്കും കേരളത്തിന്റെ സവിശേഷമായ ചുവര്‍ചിത്രകലാ പാരമ്പര്യത്തോട് ആഭിമുഖ്യവും ഉണ്ടായിരുന്നു. എങ്കിലും അവര്‍ ചുവര്‍ ചിത്രകലയുടെ രീതിശാസ്ത്രമോ നിറങ്ങളോ തങ്ങളുടെ ചിത്രങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തില്ല. 1970-കളില്‍ ഇവരുടെ പാത പിന്തുടര്‍ന്ന് കെ. എസ് രാധാകൃഷ്ണന്‍ ശാന്തിനികേതനത്തില്‍ എത്തി. രാം കിങ്കര്‍ ബൈജിന്റെയും ഷര്‍ബരി റോയ് ചൌധുരിയുടെയും ശിഷ്യനായി വളര്‍ന്നു ഇന്ന് ലോക പ്രശസ്തിയാര്‍ജ്ജിച്ച ശില്പി ആവുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ ശില്പങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കാണുന്നുണ്ട്. ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു സാന്നിധ്യമായി കെ എസ് രാധാകൃഷ്ണന്‍ കേരളത്തില്‍ നില്ക്കുന്നു.