ക്രിസ്ത്യാനികളുടെ അടച്ചുതുറപ്പാട്ട്

കേരളത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ ഇടയിലുണ്ടായിരുന്ന പല ആചാരാനുഷ്ഠാനങ്ങളുടെ അംശങ്ങളും ക്രിസ്തീയ വിശ്വാസികളുടെ ആചാരങ്ങളിലും കാണാമായിരുന്നു. സമാനമായ ആചാരാനുഷ്ഠാനങ്ങളുടെ അംശങ്ങള്‍ നിലവിലിരുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ക്രിസ്തുമതം വേരോടുന്നതില്‍ മാര്‍ത്തോമ്മായുടെ സംഭാവനകള്‍ പ്രധാനമാണ്. മാര്‍ത്തോമായുടെ കാലത്തിനുശേഷം എ.ഡി. 345-ല്‍ ക്നാനായി തോമായുടെ നേതൃത്വത്തില്‍ നാനൂറോളം പേരടങ്ങുന്ന ക്രിസ്ത്യാനി സംഘം സിറിയായില്‍ നിന്നും കേരളത്തിലേക്കു വന്നു. കൊടുങ്ങല്ലൂരിലാണ് അവര്‍ താമസമുറപ്പിച്ചത്. ക്നാനായക്കാര്‍ എന്ന പേരിലാണ് അവര്‍ ഇവിടെ അറിയപ്പെടുന്നത്.

നാലുദിവസത്തോളം നീണ്ടുനില്‍ക്കുന്ന വിവാഹചടങ്ങുകളുടെ ഭാഗമായി നടത്തുന്ന സവിശേഷമായ ചടങ്ങാണ് അടച്ചുതുറ. ഇതോടനുബന്ധിച്ച് പാടുന്ന പാട്ടാണ് അടച്ചുതുറപ്പാട്ട്.

മൂന്നാം ദിവസം മണവാളന്റെ സഖിമാര്‍ പന്തലില്‍ ഇരിക്കുന്നവരോട് മണിയറയില്‍ കയറി ഇരിക്കുന്നതിനായി അനുവാദം ചോദിക്കുന്നു. മണവാട്ടിയുടെ അമ്മ, കത്തിച്ച നിലവിളക്ക്, കിണ്ടി വെള്ളവും, വെറ്റില, കോളാമ്പി എന്നിവ മണിയറയില്‍ വെക്കുന്നു. അമ്മായിഅമ്മ നിലവിളക്ക് കൈകളിലേന്തി വാതിലിന്നടുത്തു വരുന്നതോടെ പാട്ടുപാടിത്തുടങ്ങും. ആരൊക്കെ വന്നു വാതില്‍ മുട്ടുന്നു എന്നു വിശദീകരിക്കുന്ന ഒരു ഭാഗം.

ലളിതമായ മലയാളമാണ് വാതില്‍തുറ പാട്ടിലെ ഭാഷ. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളെ വിശദീകരിക്കുന്ന ഭാഗങ്ങളും പാട്ടില്‍ കാണാം.