ആടിവേടനും വേടനും

അത്യുത്തര കേരളത്തില്‍ കര്‍ക്കിടക മാസത്തില്‍ നടത്തിവരുന്ന അനുഷ്ഠാനമാണ് വേടന്‍ പാട്ട്. വേടന്‍ ആട്ടം, വേടന്‍ തെയ്യം, കര്‍ക്കടോത്തി എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. 

മലയസമുദായക്കാര്‍ കെട്ടുന്നതിനെ വേടന്‍ എന്നും, വണ്ണാന്‍സമുദായക്കാരുടേതിന് ആടിവേടനെന്നും പറയും. വേഷത്തിലും വാദ്യത്തിലും പാട്ടിലും ചില്ലറ വ്യത്യാസങ്ങള്‍ കാണാം. കുട്ടികളാണ് വേടവേഷം കെട്ടുന്നത്. ലളിതമായ മുഖത്തെഴുത്താണ് വേടന്റേത്. കറുത്ത മഷികൊണ്ടു കണ്ണെഴുതും. തെയ്യത്തിന് ഉപയോഗിക്കുന്നതുപോലുള്ള ആഭരണങ്ങള്‍ മാറിലും കൈകളിലും ധരിക്കും. ചുകന്ന നിറമുള്ള തുണികൊണ്ടാണ് ഉടുത്തുകെട്ട്. തലയില്‍ കിരീടവും ധരിക്കും.

വേടവേഷം കെട്ടിയ ഒറ്റക്കോലവും വാദ്യക്കാരും സംഘവും ഓരോ വീട്ടിലും ചെല്ലും. ചെണ്ട, തൊപ്പി, മദ്ദളം തുടങ്ങിയ വാദ്യങ്ങളാണ് താളത്തിന് ഉപയോഗിക്കുന്നത്. വാദ്യം കെട്ടുന്ന ആള്‍തന്നെയാണ് പാട്ടും പാടുന്നത്. പാട്ടിന്റെ താളത്തിന് അനുസരിച്ച് വേടന്‍ മുന്നോട്ടും പിന്നോട്ടും നടന്നാണ് നൃത്തം. വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞുകൊണ്ടുള്ള ആകര്‍ഷകമായ നൃത്തരീതികളും ഉണ്ട്.

അര്‍ജ്ജുനന്‍ പരമേശ്വരനോട് പാശുപതാസ്ത്രം വാങ്ങിയ പുരാണകഥയാണ് വേടന്‍ പാട്ടിലേത്. വേടവേഷം ധരിച്ച പരമശിവന്‍ അര്‍ജ്ജനനുമായി നടത്തിയ യുദ്ധം വിശദമായി ഇതില്‍ പ്രതിപാദിക്കുന്നതു കാണാം. പാട്ടിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളിലും, അവസാനഭാഗത്തിലും ഈ അനുഷ്ഠാനം നടത്തിയാലുണ്ടാവുന്ന നല്ല ഗുണങ്ങളെ വിശദീകരിക്കുന്നു. കൃഷിയിലുള്ള അഭിവൃദ്ധി പാട്ടില്‍ എടുത്തുപറയുന്നുണ്ട്. വേടന്‍ പാട്ടിന്റെ അവസാനഭാഗം വീട്ടിലെ ചേട്ടകളെ മാറ്റി ഐശ്വര്യം വരുത്താന്‍ പാടുന്ന പാട്ടാണ്. പൊലിച്ചു പാട്ടിന്റെ സ്വഭാവം ഇതില്‍ കാണാം. കര്‍ക്കിടക മാസത്തില്‍ വീടും പരിസരവും വൃത്തിയാക്കി വെക്കേണ്ടതിനെ കുറിച്ചും വേടന്‍ പാട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ശുചിത്വത്തിന്റെ അഭാവത്തില്‍ മഴക്കാലത്ത് പലവിധം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന അനുഭവങ്ങള്‍ അടുത്തകാലത്ത് കേരളത്തില്‍ നിരവധിയാണ്. കേരള സമൂഹത്തിന് വേടന്‍ പാട്ടിന്റെ വരികള്‍ ഇക്കാര്യത്തില്‍ പ്രസക്തമായ നിര്‍ദ്ദേശങ്ങളായി വര്‍ത്തിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല.

വീടുകളില്‍ ഐശ്വര്യം പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിവരുന്ന ഈ  അനുഷ്ഠാനം കോലത്തുനാട്ടില്‍ നിന്നും ക്രമേണ അപ്രത്യക്ഷമായി വരികയാണ്.