രവിവര്‍മ്മയ്ക്കു ശേഷം

രാജാരവിവര്‍മ്മയുടെ സഹോദരങ്ങളായ സി. രാജരാജവര്‍മ്മയും മംഗളാഭായി തമ്പുരാട്ടിയും ചിത്രരചനയില്‍ വിദഗ്ധരായിരുന്നു. രാജാരവിവര്‍മ്മയുടെ പ്രശസ്ത ഛായാചിത്രം വരച്ച മംഗളാഭായി തമ്പുരാട്ടി ഒരു പക്ഷേ കേരളത്തിലെ ആദ്യത്തെ പ്രശസ്ത ചിത്രകാരി ആയിരിയ്ക്കണം. ഇവരെക്കൂടാതെ രവിവര്‍മ്മയുടെ സമകാലികരായിരുന്നു തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ചിത്രകാരന്മാരായിരുന്ന അച്ചുതന്‍പിള്ളയും, കിഴക്കേമഠം പത്മനാഭന്‍ തമ്പിയും.

രവിവര്‍മ്മയ്ക്കു ശേഷം ചിത്രകലയില്‍ ശ്രദ്ധേയരായവരാണ് രവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മരാജ, പി.ജെ. ചെറിയാന്‍, എന്‍.എന്‍. നമ്പ്യാര്‍, കെ. മാധവമേനോന്‍, പി. ഗംഗാധരന്‍, രാമകൃഷ്ണനാശാരി, സി. വി. ബാലന്‍ നായര്‍, പി.ഐ. ഇട്ടൂപ്പ് തുടങ്ങിയവര്‍. ചെന്നൈയില്‍ നിന്നും ചിത്രകല പഠിച്ചു പോര്‍ട്രേറ്റ് പെയിന്റിംഗ് വൈദഗ്ധ്യം നേടിയ പി. ജെ. ചെറിയാന്‍ മാവേലിക്കരയിലെത്തി രാമവര്‍മ്മ രാജയുടെ ശിഷ്യനാവുകയും ഇരുവരും ചേര്‍ന്ന് അവിടെ രവിവര്‍മ്മ പെയിന്റിംഗ് സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു.