അലാമിക്കളി

കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമായിരുന്നു അലാമിക്കളി. 'അലാമികള്‍' അവതരിപ്പിച്ചിരുന്ന കളിയായിരുന്നു ഇത്. ഹനഫി വിഭാഗത്തില്‍പ്പെട്ട ഫക്കീര്‍മാരായിരുന്നു ഇവര്‍. മുസ്ലീമുകളായ ഇവരെ തുര്‍ക്കന്മാരെന്നും സാഹിബന്‍മാരെന്നും നാട്ടുകാര്‍ വിളിച്ചിരുന്നു. ടിപ്പുവിന്റെ സൈനികരില്‍ പെട്ടവരായിരുന്നുവത്രെ ഇവര്‍. 

അലാമികളുടെ ആരാധനസഥലം സവിശേഷതയാര്‍ന്ന ഒന്നാണ്. തീ കുണ്ഡത്തിന്റെ ആകൃതിയിലുള്ള ഒരു കല്‍ത്തറയാണ് ഇത്. കാഞ്ഞങ്ങാടിനടുത്ത് പുതിയകോട്ടക്കു സമീപമുള്ള ഈ സ്ഥലം 'അലാമിപള്ളി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കര്‍ബാല യുദ്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനായിരുന്നു അലാമി ആഘോഷത്തിന്റെ തുടക്കം. കര്‍ബാല യുദ്ധത്തില്‍ ശത്രുക്കള്‍ കറുത്ത വേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നുവത്രെ. ആ വേഷപ്പകര്‍ച്ച അലാമിക്കളിയിലും കാണാം.

അലാമിക്കളിക്കാര്‍ കരിതേച്ച് ശരീരം കറുപ്പിക്കും. അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ടുള്ളതാണ് കഴുത്തില്‍ ധരിക്കുന്ന മാലകള്‍. നീളമുള്ള പാളത്തൊപ്പി തലയില്‍ അണിയും. തൊപ്പിയില്‍ ചുവന്ന ചെക്കി (തെച്ചി)പ്പൂവും വെക്കും. മുട്ടുമറയാത്ത മുണ്ടാണ് ഉടുക്കുന്നത്. മണികള്‍ കെട്ടിയിട്ട ചെറിയവടി കയ്യില്‍ കരുതും. കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില്‍ തൂക്കും. അലാമി സംഘങ്ങള്‍ നാടുചുറ്റുന്ന പതിവുണ്ട്. താളത്തിലുള്ള പാട്ടുകള്‍ അലാമിക്കളിയുടെ പ്രത്യേകതയാണ്. ഈ പാട്ടും പാടിയാണ് സംഘം നാടുചുറ്റുന്നത്. വീടുകളില്‍ ചെന്ന് വൃത്തത്തില്‍ നിന്ന് നൃത്തം ചെയ്യും. വീടുകളില്‍ നിന്ന് ഭിക്ഷ സ്വീകരിക്കും.

മുഹറം പത്താം തീയതിയാണ് സാധാരണയായി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്നത്. അലാമികളോടൊപ്പം വ്രതം നോറ്റ സ്ത്രീകളും ഈ ചടങ്ങില്‍ പങ്കെടുക്കും. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വിശദമായ ചടങ്ങുകളോടെയാണ് അലാമിക്കളി സമാപിക്കുന്നത്. ഉത്സവത്തിന്റെ പ്രതീതി ഈ ആഘോഷങ്ങള്‍ക്കുമുണ്ട്. യാത്രയില്‍ ശേഖരിച്ച പച്ച ചെമ്പക കൊമ്പുകളും പാലമരക്കൊമ്പുകളും ഉപയോഗിച്ച് അഗ്നികുണ്ഡം തയ്യാറാക്കും. 

വിവിധ സംസ്കാരങ്ങളുടെ സമന്വയം ഈ ആഘോഷ ചടങ്ങുകളില്‍ കാണാം. ഇസ്ലാമികമല്ലാത്ത അനുഷ്ഠാനങ്ങള്‍ കടന്നുകൂടിയതിനാല്‍ അലാമികള്‍ക്ക് മതപരമായ വിലക്കുകള്‍ ഉണ്ടായി. ക്രമേണ മുസ്ലീം സമൂഹം ചടങ്ങുകളില്‍ നിന്ന് പിന്മാറി.  1963-ല്‍ പത്രത്തില്‍ ചെയ്ത വിളംബരത്തിലൂടെ അലാമികളിക്ക് പൂര്‍ണ്ണ വിരാമമായി.

വിവിധ സംസ്കാരങ്ങളുടെ അംശങ്ങള്‍ അലാമിക്കളിയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ കാണാം. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ അലാമിക്കളിയിലൂടെ ഇസ്ലാമിലെ അനുഷ്ഠാനങ്ങളുമായി ഇഴചേര്‍ന്നു. വിശ്വാസത്തിന്റെ വേലിക്കപ്പുറത്തേക്കു കടന്നുപോയ അലാമിക്കളി ഒരു കൂട്ടായ്മയുടെ ജീവിതപാഠമായിരുന്നു എന്നുവേണം വിലയിരുത്താന്‍. മതപരവും സാംസ്കാരികവുമായ സമന്വയത്തിന്റെ കെടാവിളക്കായി അലാമിക്കളി ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.