അറയ്ക്കല്‍ കൊട്ടാരവും മ്യൂസിയവും


കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്നു അറയ്ക്കല്‍. അധികാരത്തിന്റേയും പ്രതാപത്തിന്റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ്. ഒരു കാലത്ത് രാജാക്കന്മാരും പ്രഭുക്കളും സമ്മേളിച്ചിരുന്ന കൊട്ടാരത്തിലെ ഡര്‍ബാര്‍ ഹാള്‍ ഇന്ന് അറയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ അധീനതയിലുള്ള മ്യൂസിയമാണ്. 

പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള വലിയ കെട്ടിടങ്ങളുടെ സമുച്ചയത്തിനു നടുവില്‍ വിശാലമായ മുറ്റം - ഇതാണ് കൊട്ടാരത്തിന്റെ ഘടന. ഈ നടുമുറ്റം പ്രാര്‍ത്ഥന (നമസ്) യ്ക്ക് ഉപയോഗിക്കുന്നു. പ്രധാനമായും വെട്ടുകല്ല്, മരം എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് തദ്ദേശീയമായ തച്ചു ശാസ്ത്രവിധിയാണ് പിന്തുടര്‍ന്നിട്ടുള്ളതെന്നു കാണാം. ഇവിടെ നാലു പ്രാര്‍ത്ഥനാലയങ്ങളുണ്ട്. 

മുകളിലത്തെ നിലയില്‍ വലിയ ഹാളുകളാണുള്ളത്. ഇവിടത്തെ തറ മരം കൊണ്ടുള്ളതാണ്. ഇരട്ട കതകുകള്‍ ഉള്ള ജനാലകളില്‍ ചുവപ്പും നീലയും നിറങ്ങളിലുള്ള ചില്ലുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ വെളിച്ചം അകത്തേക്കു കടക്കുമ്പോള്‍ മനോഹരമായ വര്‍ണ്ണരാജി സൃഷ്ടിക്കപ്പെടുന്നു. മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍ പുരാതന കാലത്ത് അറയ്ക്കല്‍ രാജകുടുംബത്തിന് ഉണ്ടായിരുന്ന സമുദ്ര വ്യാപാര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അതുപോലെ സുഗന്ധവ്യഞ്ജനങ്ങളുടെ കുത്തക ഒരിക്കല്‍ കൈയ്യാളിയിരുന്നതിന്റെയും സൂചനകള്‍ ഇവിടെ കാണുവാന്‍ കഴിയും. കൊളോണിയല്‍ വാഴ്ചക്കാലത്തെ യൂറോപ്യന്‍ ബന്ധത്തിന്റെ സൂചനകളും പ്രദര്‍ശന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള പത്തായം, ആധാരപ്പെട്ടി, ആദികാലത്തെ ടെലഫോണ്‍, വാളുകള്‍, കഠാരകള്‍, ദൂരദര്‍ശിനി, ഖുറാന്റെ പതിപ്പുകള്‍ എന്നിവയും ഇക്കൂട്ടത്തില്‍പ്പെടും.