ആറന്മുള വള്ളംകളിആറന്മുള ഉതൃട്ടാതി വള്ളംകളി ഒരു വിനോദമോ മത്സരമോ എന്നതിലുപരി ഒരു അനുഷ്ഠാനമെന്നു പറയാം. പത്തനംതിട്ടയില്‍ കോഴഞ്ചേരി താലൂക്കിലെ ആറന്മുളയെ ചുറ്റിയൊഴുകുന്ന പമ്പാനദിയിലാണീ വള്ളംകളി അരങ്ങേറുന്നത്. ഇവിടത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങത്തിലെ ഉതൃട്ടാതി നാളില്‍ നടന്നു വരുന്ന ജലോത്സവമാണ് ആറന്മുള വള്ളംകളി. 'ആറന്മുളയപ്പനു' സമര്‍പ്പിക്കുന്ന വള്ളംകളിയില്‍ പങ്കെടുക്കുന്ന വള്ളങ്ങളെ 'പള്ളിയോടങ്ങള്‍' എന്നാണു വിളിക്കുന്നത്. ഗജവീരന്മാരെ പോലെ തലയെടുപ്പുള്ള ചുണ്ടന്‍ വള്ളങ്ങള്‍ ആകര്‍ഷകമായി അലങ്കരിച്ചിട്ടുണ്ടാവും. വള്ളങ്ങളില്‍ മുത്തുക്കുടയേന്തിയവരുടെ സാന്നിദ്ധ്യം രംഗത്തിനു പകിട്ടു വര്‍ദ്ധിപ്പിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വള്ളങ്ങള്‍ എത്തുന്നത്. ജലത്തിലെ പൂരമായി ചിലപ്പോള്‍ ഉതൃട്ടാതി വള്ളംകളി വിശേഷിപ്പിക്കാറുണ്ട്.