ദര്‍ശനം

കേരളീയസമൂഹനിര്‍മ്മാണത്തിന്റെ അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സമ്പന്നമായ രേഖാപൈതൃകത്തെ ശാസ്ത്രീയമായി സംരക്ഷിക്കുകയും പൊതുജനസമക്ഷം അവതരിപ്പിക്കുകയും നാളെയുടെ സമൂഹനിര്‍മ്മിതിയില്‍ ഇന്നലെകളുടെ ചരിത്രപാഠങ്ങളെ ശാസ്ത്രീയമായി സ്വാംശീകരിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ സഹായകരമായ രീതിയില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന സാംസ്കാരികദൗത്യമാണ് ആര്‍ക്കൈവ്സ് വകുപ്പു ലക്ഷ്യം വയ്ക്കുന്ന ദര്‍ശനം.

ഉദ്ദേശ ലക്ഷ്യങ്ങള്‍
സംസ്ഥാന ആര്‍ക്കൈവ്സ് അതിന്റെ നിയന്ത്രണത്തിലുള്ള രേഖാസമുച്ചയത്തിന്റെ ഭരണവും ശാസ്ത്രീയസംരക്ഷണവുമായി ബന്ധപ്പെട്ട പ്രാഥമികപ്രവൃത്തികള്‍ ചെയ്യുന്നതിനു പുറമെ റിക്കാര്‍ഡുകളുടെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും പ്രാഗല്ഭ്യം സ്വായത്തമാക്കി സംസ്ഥാനത്തിന്റെ രേഖാസമ്പത്തിനെ പ്രയോജനപ്പെടുത്തുകയും കരുതലോടെ നാളത്തേയ്ക്ക് വേണ്ടി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാനധര്‍മ്മം.

പ്രധാന പ്രവര്‍ത്തനമേഖലകള്‍
സര്‍ക്കാരോഫീസുകളിലെ പുരാരേഖാസംബന്ധമോ, ചരിത്രപരമായ ആയ പ്രാധാന്യമുള്‍ക്കൊള്ളുന്ന രേഖകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിനും മുന്‍കരുതലെന്നോണം അവ സംരക്ഷിക്കുന്നതിനു എന്നല്ല സമയമാകുമ്പോള്‍ സൂക്ഷ്മപരിശോധന നടത്തുന്നതിനു, ഗവേഷകര്‍ക്ക് അവരുടെ ഗവേഷണവിഷയവുമായ ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, അപേക്ഷകര്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള നിരക്കില്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ രേഖാശേഖരത്തില്‍ നിന്നും നല്കുക, സംസ്ഥാനത്തെ വിവിധവകുപ്പുകളുടെ രേഖാമുറികളില്‍ രേഖകള്‍ ഉചിതമായി സൂക്ഷിക്കുന്നതിനും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുളള സാങ്കേതികോപദേശം നല്കുക, രേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തെക്കുറിച്ചും ഭരണനിര്‍വ്വഹണത്തെക്കുറിച്ചും ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ വിവിധവകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകര്‍ന്നു കൊടുക്കുക.

പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും പുരാരേഖകളെക്കുറിച്ചും അവ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക, ചരിത്രപ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, രേഖാസംരക്ഷണ ക്ലിനിക്കുകള്‍ എന്നിവ സംഘടിപ്പിക്കുക,  വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ സംഘടിപ്പിക്കുക, ഹെറിറ്റേജ് അവാര്‍ഡ്, ചരിത്രക്വിസ് സംഘടിപ്പിക്കുക എന്നീ സംരംഭങ്ങള്‍ക്കു പുറമേ ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം എന്നിവയുടെ നിര്‍മ്മാണം, സംരക്ഷണം തുടങ്ങിയ സാംസ്കാരിക ദൗത്യങ്ങളും വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്നു.