അര്‍ജ്ജുനനൃത്തം


ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന അനുഷ്ഠാനനൃത്തമാണ് അര്‍ജ്ജുനനൃത്തം. കോട്ടയം, ആലപ്പുഴ ജില്ലകളിലും പരിസരപ്രദേശങ്ങളിലാണ് അര്‍ജ്ജുനനൃത്തത്തിന് കൂടുതല്‍ പ്രചാരം. അര്‍ജ്ജുനനൃത്തത്തിന് മയില്‍പ്പീലിത്തൂക്കം എന്നും പറയാറുണ്ട്. 

ആര്യ-ദ്രാവിഡ സങ്കലനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കലാരൂപമാണ് അര്‍ജ്ജുനനൃത്തം എന്നു കാണാം. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ അര്‍ജ്ജുനന്‍ നൃത്തം ചെയ്തു എന്നാണ് സങ്കല്പം. ഈഴവരും വില്‍ക്കുറുപ്പന്മാരുമാണ് അര്‍ജ്ജുനനൃത്തത്തില്‍ പങ്കെടുക്കുന്നത്. രാത്രികാലങ്ങളിലാണ് നൃത്തം അരങ്ങേറുന്നത്.    

കത്തിച്ചുവെച്ച നിലവിളക്കിന്റെ മുമ്പിലാണ് നൃത്തം അവതരിപ്പിക്കുന്നത്. ഒരു രാത്രി മുഴുവന്‍ പ്രകടനം നീണ്ടുനില്‍ക്കും. പ്രത്യേക വേഷമാണ് കഥാപാത്രങ്ങള്‍ക്ക്.  മുഖത്ത് പച്ച തേച്ച് കിരീടം വെക്കും. മയില്‍പ്പീലി കൊണ്ടുള്ള ഉടുപ്പാണ് ധരിക്കുന്നത്. അതുകൊണ്ടാവാം മയില്‍പ്പീലി നൃത്തം എന്ന പേര് വന്നത്.  ചുവപ്പ് നിറത്തിലുള്ള കുപ്പായമാണ് അണിയുന്നത്. കടകം തുടങ്ങിയ ആഭരണങ്ങളും കാലില്‍ ചിലങ്കയും കെട്ടും. അര്‍ജ്ജുനന്റെ ആയുധമായ അമ്പും വില്ലും കയ്യിലുണ്ടാകും. 

അര്‍ജ്ജുനനൃത്തത്തിലെ  പാട്ടുകള്‍ക്ക്  കവിത്തം എന്നാണ് പറയുന്നത്.  ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളാണ് നൃത്തത്തില്‍ ഉപയോഗിക്കുന്നത്.  'തായി' എന്ന പ്രത്യേക വാദ്യവും ഉപയോഗിക്കാറുണ്ട്.    

അനുഷ്ഠാനത്തിന്റെ ഭാഗമായി ഇന്ന് അപൂര്‍വം സ്ഥലങ്ങളിലേ അര്‍ജ്ജുനനൃത്തം അവതരിപ്പിച്ചുവരുന്നുള്ളൂ.