ഇരുളരുടെ പാട്ടും നൃത്തവും

പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശമാണ് ഇരുളരുടെ പ്രധാന ആവാസ കേന്ദ്രം. പെരിന്തല്‍മണ്ണ, ചിറ്റൂര്‍ താലൂക്കുകളിലും ഇവര്‍ താമസിക്കുന്നുണ്ട്. മൃഗാരാധനയും, വൃക്ഷാരാധനയും ഇവരുടെ ഇടയില്‍ പ്രചാരത്തില്‍ ഉണ്ട്. ശിവനും ഭദ്രകാളിയുമാണ് പ്രധാന ആരാധനാമൂര്‍ത്തികള്‍. ശിവന്റെ പ്രതിരൂപങ്ങളായ മലദൈവങ്ങളേയും, ബൈരമ്മ, മാരിയമ്മ, എല്ലമ്മ തുടങ്ങിയ സ്ത്രീദൈവങ്ങളേയും ആരാധിക്കുന്നു. പൂജാരിയെ 'മണ്ണൂക്കാരന്‍'എന്നാണ് വിളിക്കുന്നത്.  

വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ കലാരൂപങ്ങളുടെ അവകാശികളാണ് ഇരുളര്‍. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ളതാണ് ഇതില്‍ നല്ലൊരു വിഭാഗം. മാട്ടുപ്പൊങ്ങല്‍ ഇവരുടെ ആഘോഷങ്ങളില്‍ പ്രധാനമാണ്. കാര്‍ഷികവൃത്തിയോടനുബന്ധിച്ച് നടത്തുന്ന ആഹ്ലാദനൃത്തമാണ് 'കുരുമ്പലം'. ആട്ടവും പാട്ടും നിറഞ്ഞ ഈ കലാരൂപം വിവാഹത്തിനും അവതരിപ്പിക്കാറുണ്ട്.  മരണാനന്തര ചടങ്ങുകള്‍ക്കും ഇരുളര്‍ക്ക് പ്രത്യേകം പാട്ടുകളുണ്ട്. വൃത്താകൃതിയില്‍ നിന്നാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും നൃത്തത്തില്‍ പങ്കെടുക്കും. നൃത്തത്തിന് പാടുന്ന വലിയൊരു ഗാനശേഖരം ഇരുളര്‍ക്കുണ്ട്. ദുന്‍പാട്ട്, ഒഡയൂര്, തെക്കുമല, വള്ളി വള്ളി തുടങ്ങിയവ അതില്‍ ചിലതാണ്.  

മറ്റൊരു പ്രധാന നൃത്തമാണ് 'ഏലേലം കരടി' എന്നു വിളിക്കുന്ന 'കരടിനൃത്തം'. ഇരുളരുടെ നായാട്ടുജീവിതം നിഴലിക്കുന്ന നൃത്ത രൂപമാണിത്. ചെണ്ട മേളത്തോടെ പാട്ടുപാടി നൃത്തം ചെയ്താല്‍ കരടികള്‍ വഴിമാറിപ്പോകുമെന്നാണ് ഇവരുടെ വിശ്വാസം. ഒരു സമൂഹനൃത്തം എന്ന രീതിയിലാണ് കരടി നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ പങ്കെടുക്കുന്നു. വൃത്തത്തില്‍ നിന്നാണ് കളിക്കുന്നത്. കരടിയെ വിളിച്ചു സംസാരിക്കുന്ന രീതിയിലാണ് പാട്ട്. കരടിവേഷം കെട്ടിയവരും ചേര്‍ന്ന് നൃത്തത്തിന് കൊഴുപ്പ് പകരും. 

മദ്ദളം പോലുള്ള 'പൊറി', തോല്‍വാദ്യമായ 'മരം', ചീനിക്കുഴലിന്റെ ആകൃതിയിലുളള 'പീക്കി' എന്നീ വാദ്യങ്ങളാണ് ഇരുളര്‍ നൃത്തത്തിനും പാട്ടിനും ഉപയോഗിക്കുന്നത്.