സാംസ്‌കാരിക സ്ഥാപനങ്ങള്‍


ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍, കായിക്കര

മലയാളത്തില്‍ നവോത്ഥാന കവിതകകളുടെ ആവിര്‍ഭാവം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണുണ്ടായത്. 1907-ല്‍ കുമാരനാശാന്‍ 'വീണപൂവ്' രചിച്ചതോടെയാണ്  നവോത്ഥാനം അഥവാ കാല്പനിക പ്രസ്ഥാനം മലയാള സാഹിത്യത്തില്‍ ഉദയം ചെയ്തത് എന്നു പറയുന്നതാവും ശരി. വീണപൂവ്, നളിനി, ലീല, ശ്രീബുദ്ധചരിതം, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങി അനേകം അനശ്വര കാവ്യങ്ങളുടെ കര്‍ത്താവായ എന്‍. കുമാരാനാശാന്‍ 1873 ഏപ്രില്‍ 12-ന് തിരുവനന്തപുരത്തു, ചിറയിന്‍കീഴില്‍ കായിക്കര എന്ന ഗ്രാമത്തില്‍ ജനിച്ചു. 1924 ജനുവരി  16-ന് പല്ലനയാറ്റിലെ  ബോട്ടപകടത്തില്‍ നിര്യാതനാകുമ്പോള്‍ കവിക്ക് 51 വയസ്സായിരുന്നു.

മഹാകവിയുടെ സ്മരണ നിലനിര്‍ത്തുവാനായി 1957-ല്‍ അന്നത്തെ മുഖ്യമന്ത്രിയായ ശ്രീ. ആര്‍. ശങ്കര്‍ പ്രസിഡന്‍റായി കായിക്കര ആസ്ഥാനമാക്കി ആശാന്‍ മെമ്മോറിയല്‍   അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1971-ല്‍ ഒരു ഓഡിറ്റോറിയവും ഓഫീസുകെട്ടിടവും അസോസിയേഷന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ടു. 1973-ല്‍ ആശാന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ ഒരു ഗ്രന്ഥശാലയും തുറക്കപ്പെട്ടു.

എഴുത്തുകാര്‍ക്കായി ആശാന്‍ വേള്‍ഡ് പ്രൈസ് ഏര്‍പ്പെടുത്തിയതായിരുന്നു അസോസിയേഷന്റെ വലിയൊരു കാല്‍വയ്പ്. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നിരവധി എഴുത്തുകാര്‍ ആശാന്‍ പ്രൈസിന് ഇതുവരെ അര്‍ഹരായിട്ടുണ്ട്. മഹാകവിക്ക്, മുപ്പത്തഞ്ചു വയസ്സുള്ളപ്പോഴാണ് വീണപൂവ് പ്രകാശിതമായിത്. മലയാള സാഹിത്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിത്തീര്‍ന്ന ആ സംഭവത്തിന്റെ 100-ാം വാര്‍ഷിക ആഘോഷവേളയില്‍ ആശാന്‍പ്രൈസിന്റെ തുക മൂന്നുലക്ഷം രൂപയായി ഉയര്‍ത്തപ്പെട്ടുവെന്ന പ്രഖ്യാപനം അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദനില്‍ നിന്നുണ്ടായി. അതുപോലെ തന്നെ ആശാന്റെ 125 -ാം ജന്മവാര്‍ഷികവും അതിവിപുലമായി ആഘോഷിക്കപ്പെട്ടു.