കേരളപരാമര്‍ശമുള്ള ആദ്യത്തെ ശിലാരേഖ അശോകചക്രവര്‍ത്തി (ബി.സി. 274-237) യുടേതാണ്. രണ്ടാമത്തെയും പതിമൂന്നാമത്തേയും അശോകശാസനത്തില്‍ കേരളത്തെ 'കേരള പുത്തോ' (കേരള പുത്ര) എന്ന് പരാമര്‍ശിക്കുന്നു. ചോള-പാണ്ഡ്യരുടെ പേരുകള്‍ അങ്ങനെ തന്നെ പറയുമ്പോള്‍ കേരളത്തെ 'ചേരം' എന്ന് അശോകശാസനങ്ങളില്‍ പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
അശോകസാമ്രാജ്യത്തിന്റെ അതിര്‍ പ്രദേശങ്ങളായ ചോളര്‍, പാണ്ഡ്യര്‍, സതിയപുത്രര്‍, കേരളപുത്രര്‍, എന്നിവരുടെ നാടുകളിലും താംബപണ്ണി (ശ്രീലങ്ക)യിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മാശുപത്രികള്‍ സ്ഥാപിക്കപ്പെട്ടതായി രണ്ടാം നമ്പര്‍ ശിലാശാസനത്തില്‍ പറയുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനായി റോഡരുകില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ജലാശയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതായും ഇതില്‍ പറയുന്നുണ്ട്. ആറു സ്ഥലങ്ങളില്‍ ഈ ശിലാശാസനം സ്ഥാപിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സാമ്രാജ്യത്തിനു പുറത്ത് നേടിയ ധര്‍മ്മ വിജയത്തെക്കുറിച്ചാണ് പതിമൂന്നാം നമ്പര്‍ ശാസനത്തില്‍ പറയുന്നത്.
തമിഴകത്തിനടുത്തുവരെ അശോകസാമ്രാജ്യം വ്യാപിച്ചിരുന്നുവെന്ന് അശോക ശാസനങ്ങളില്‍നിന്നറിയാം. പാണ്ഡ്യര്‍, ചോളര്‍, കേരള പുത്രര്‍ എന്നെല്ലാം ബഹുവചന രൂപത്തില്‍ പ്രയോഗിച്ചിരിക്കുന്നതില്‍നിന്ന് അക്കാലത്ത് ഇവ ട്രൈബല്‍ റിപ്പബ്ളിക്കുകളായിരുന്നുവെന്ന് മനസ്സിലാക്കാമെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.