രംഗകലകളുമായി ബന്ധപ്പെട്ട് 17-18 നൂറ്റാണ്ടുകളില്‍ മലയാള സാഹിത്യം വളര്‍ച്ച നേടി. 17-ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയും കുഞ്ചന്‍നമ്പ്യാര്‍ രചിച്ച തുള്ളല്‍പ്പാട്ടുകളും സാഹിത്യരംഗത്ത് പുതുവികാസങ്ങള്‍ സൃഷ്ടിച്ചു. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍തമ്പി, തുടങ്ങിയവരുടെ ആട്ടക്കഥകള്‍ ആ ജനുസ്സിലെ പ്രഖ്യാതരചനകളാണ്. ഉണ്ണായിവാരിയരുടെ 'നളചരിതം' ആട്ടക്കഥാസാഹിത്യത്തിലെ മാത്രമല്ല, മലയാള സാഹിത്യത്തിലെ തന്നെ ക്ലാസ്സിക് രചനകളിലൊന്നാണ്. സംസ്കൃതബദ്ധമായ കാവ്യഭാഷ തിരസ്കരിച്ച നാട്ടുമലയാളത്തിലെഴുതിയ കുഞ്ചന്‍നമ്പ്യാര്‍ തന്റെ തുള്ളല്‍പ്പാട്ടുകളിലൂടെ ജനകീയകാവ്യഭാഷയ്ക്കു തുടക്കം കുറിച്ചു. രാമപുരത്തു വാരിയരുടെ 'കുചേലവൃത്തം വഞ്ചിപ്പാട്ടാ'ണ് ഇക്കാലത്തെ മറ്റൊരു പ്രശസ്ത രചന.