ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍


ആറ്റുകാല്‍ പൊങ്കാലതിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.

മകരം - കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല. പൊങ്കാലയ്ക്കു ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കും. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടുക. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതിനുശേഷമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. വെള്ളച്ചോറ്, വെള്ളപായസം, ശര്‍ക്കരപ്പായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് എന്നിവയും നിവേദ്യം തയ്യാറായതിനു ശേഷം ഉണ്ടാക്കാം. ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.