ശാസനങ്ങള്‍


അവിട്ടത്തൂര്‍ ശാസനം

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരിലെ താഴെക്കാട്ടു പള്ളിയില്‍ സ്ഥാപിക്കപ്പെട്ട ശാസനം. ഊരിന്റെ ഭരണത്തില്‍ പൊതുവാളിനെയും ഊരാളന്മാരെയും നിയന്ത്രിക്കുന്നതാണ് വിഷയം. കുലശേഖരരാജാവ് കോതരവിയുടെ ഈ ലിഖിതത്തില്‍ (എ. ഡി. 917) ചേരമാന്‍ മാതേവിയുടെ ചേരിക്കല്‍നിലം (രാജഭൂമി) അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലേക്ക് ചേരുമ്പോള്‍ ചെയ്ത വ്യവസ്ഥകളാണുള്ളത്. 'കടകൊട്ടു കച്ചം' എന്നറിയപ്പെടുന്ന ഈ വ്യവസ്ഥകളാല്‍ ഊരാളര്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നതായി മനസ്സിലാക്കാം. താഴെക്കാട്ട് ശിവക്ഷേത്രത്തിലെ ഊരാളരെയാകാം ഇവിടെ പരാമര്‍ശിക്കുന്നതെന്ന് അഭിപ്രായമുണ്ട്. മൂഴിക്കളം കച്ചം പോലെയുള്ള ചട്ടങ്ങളാണ് കടങ്കാട്ടു കച്ചം. ആയിരവര്‍ എന്ന ഊരിന്റെ ഭരണ കാര്യത്തില്‍ ഊരാളരും പൊതുവാളും ഇടപെട്ടു കൂടെന്നും കല്പനയുണ്ട്.

താഴെക്കാട്ട് പീടിക പണിത് കച്ചവടം ചെയ്തു കൊള്ളാന്‍ രണ്ടുവ്യാപാരികള്‍ക്ക് ജയസിംഹന്‍ അനുമതി നല്‍കുന്ന ഒരു രേഖയും താഴെക്കാട്ടുപള്ളിയിലുണ്ട്. ഇത് താഴെക്കാട്ടു പള്ളിലിഖിതം (എ.ഡി. 1024) എന്നറിയപ്പെടുന്നു.