അയനി

വിവാഹത്തിനു മുമ്പോ പിമ്പോ വധൂവരന്മാര്‍ക്ക് കൊടുക്കുന്ന ആചാരപ്രകാരമുള്ള മധുരപലഹാരങ്ങള്‍. കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ഇതിന് പ്രചാരമുണ്ട്. വിവാഹത്തലേന്ന് വധുവും, സഹോദരനും ഒരുമിച്ചു കഴിക്കുന്ന ഊണിനും വരനും ബന്ധുക്കള്‍ക്കും വിവാഹദിവസത്തിനു ശേഷം നല്‍കുന്ന ആചാരപ്രകാരമുള്ള ഊണിനും 'അയനിയൂണ്' എന്നു പറയാറുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ വധുവരന്മാര്‍ക്ക് വിവാഹത്തലേന്ന് സ്വന്തം വീടുകളില്‍ ഒരേ സമയം കഴിക്കുന്ന ഊണിനാണ് അയനി ഊണ് എന്നു പറയുന്നത്. ക്രൈസ്തവര്‍ക്കിടയില്‍ വിവാഹ ദിവസം രാവിലെ വരന്റെ സഹോദരി വരന് അയനിയപ്പം കൊടുക്കാനായി പള്ളിയിലേക്കു പോകുന്ന ഒരു ചടങ്ങുണ്ട്. ഈ സന്ദര്‍ഭത്തില്‍ 'അയനിപ്പാട്ട്' എന്ന പാട്ട് പാടാറുണ്ട്.