ഭദ്രകാളിത്തീയാട്ട്

കേരളത്തിന്റെ മദ്ധ്യഭാഗത്തും തെക്കന്‍ പ്രദേശത്തും പ്രചാരമുള്ള അനുഷ്ഠാന  കലാരൂപമാണ് തീയാട്ട്. സാധാരണ ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് തീയാട്ട് നടത്തി വരുന്നത്. ആയിരത്തിഅഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കം ഈ കലാരൂപത്തിനുണ്ടെന്ന് വിശ്വസിക്കുന്നു. ഭദ്രകാളിയും ദാരികനുമായുള്ള യുദ്ധം കഴിഞ്ഞ് കൈലാസത്തിലെത്തി പിതാവായ പരമശിവനോട് ദാരികനിഗ്രഹത്തെ കുറിച്ച് വിവരിക്കുന്നതാണ് തീയാട്ടിലെ പ്രതിപാദ്യം. ചാത്തിര നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്ന തൃക്കാരിയൂര്‍ ശിവക്ഷേത്രത്തിലാണ് തീയാട്ടിന്റെ ഉത്ഭവം എന്നാണ് വിശ്വാസം.

തീയാട്ടില്‍ കൊട്ട്, പാട്ട്, കളംവരയല്‍, അഭിനയം ഇവയെല്ലാം സമ്മേളിച്ചിരിക്കുന്നു. തീയാട്ടിന് വിശദമായ അനുഷ്ഠാനങ്ങളുണ്ട്. പന്തല്‍ അലങ്കാരം, ഉച്ചപ്പാട്ട്, കളമെഴുത്ത്, വച്ചൊരുക്ക്, സന്ധ്യക്കൊട്ട്, കളം പൂജ, തിരയുഴിച്ചല്‍, കളംകണ്ട്തൊഴല്‍, കളംപാട്ട്, വേഷംകെട്ട്, തീയാട്ട്, പന്തംഉഴിച്ചല്‍, മുടിഉഴിച്ചല്‍ തുടങ്ങിയവയാണ് തീയാട്ടിലെ പ്രധാന ചടങ്ങുകള്‍. പന്തല്‍ വിതാനമാണ് ആദ്യം. തളിച്ച് മെഴുകി ശുദ്ധമാക്കിയ തറക്കു മുകളില്‍ ചുകന്ന പട്ടും വെള്ള വസ്ത്രവും വിരിക്കും. പന്തലലങ്കാരം കഴിഞ്ഞാല്‍ ഉച്ചപ്പാട്ട് എന്ന ചടങ്ങ് നടക്കും. ഗണപതി, സരസ്വതി, ഭഗവതി എന്നീ ദേവതകളെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് ഇത്. ഉച്ചത്തീയാട്ട് എന്നും ഇതിന് പറയും.

ഉച്ചപ്പാട്ട് കഴിഞ്ഞ ശേഷം കളമെഴുത്ത് തുടങ്ങും. ഭദ്രകാളിയുടെ രൂപമാണ് വരയുന്നത്. ചില കളങ്ങളില്‍ വേതാളവും ദാരികനും വരയും. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉമിക്കരി,  വാകപ്പൊടി, മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ന്ന  ചുവന്നപൊടി തുടങ്ങിയവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. നാലോ എട്ടോ കൈകളോടു കൂടിയ രൂപമാണ് സാധാരണയായി എഴുതാറുള്ളത്. പതിനാറ് കൈകളോടു കൂടിയ രൂപവും അപൂര്‍വമായി വരയാറുണ്ട്. ഭഗവതീ സാന്നിദ്ധ്യം പ്രകടമാക്കുന്ന പല വിശിഷ്ടവസ്തുക്കളും കളത്തിലും ചുറ്റിലുമായി ക്രമീകരിക്കുന്ന ചടങ്ങാണ് വച്ചൊരുക്ക്.   

കഥകളിയിലെ കേളികൊട്ട്പോലെ തീയാട്ടുള്ള കാര്യം നാട്ടുകാരെ അറിയിക്കുകയാണ് സന്ധ്യകൊട്ട് എന്ന ചടങ്ങിന്റെ ഉദ്ദേശ്യം. കഷ്ടതകള്‍ നീങ്ങുന്നതിനും ഉദ്ദേശിച്ച കാര്യം നടക്കുന്നതിനുമായുള്ള തിരിയുഴിച്ചലാണ് മറ്റൊരു പ്രധാന ചടങ്ങ്. അതു കഴിഞ്ഞ് നിറമ്പാട്ട് അഥവാ കളമ്പാട്ട് തുടങ്ങും. തലമുറകളായി പകര്‍ന്ന് വന്ന പാട്ടുകളാണിത്. പഴയ പാട്ടുകളുടെ കൂട്ടത്തില്‍ അത്ര പഴക്കമില്ലാത്ത പാടുകളും പ്രചാരത്തിലുണ്ട്. പ്രാചീനകാലം മുതല്‍ പ്രചാരത്തിലുള്ള താളങ്ങളും ഗാനരീതിയും ഈ  ഗാനശാഖയില്‍ ദര്‍ശിക്കാം. സാഹിത്യഗുണവും എടുത്തു പറയേണ്ടതാണ്.

ശിവനെ സങ്കല്‍പ്പിച്ചു കൊണ്ടുള്ള നിലവിളക്കിന് മുമ്പിലാണ് തീയാട്ടിലെ ഭദ്രകാളിയുടെ വേഷം ആടുന്നത്. സവിശേഷമായ ഉടുത്തുകെട്ടും ആടയാഭരണങ്ങളും, ഭഗവതിയുടെ മുഖം കൊത്ത് പണി ചെയ്ത കിരീടവും,  മുഖത്തെഴുത്തും തീയാട്ടിലെ വേഷത്തിന്റെ പ്രത്യേകതകളാണ്. 

പറ, ചേങ്ങില, ചെണ്ട ഇലത്താളം എന്നീ വാദ്യങ്ങളുടെ മേളത്തോടെയാണ് അരങ്ങത്തുള്ള പ്രകടനം.