സാംസ്‌കാരിക സ്ഥാപനങ്ങള്‍


ഭാരത് ഭവന്‍

ഭാഷ, സംസ്കാരം, കല എന്നിവ ഓരോ ജനതയുടെയും ആത്മാവിഷ്കാരവും അവകാശവുമാണ്. അത് അന്യോന്യം കൈമാറി മുന്നേറാനാണ് പരിഷ്കൃതചിത്തരായ പൗരന്മാരുള്ള ഒരു ജനാധിപത്യസമൂഹം ശ്രമിക്കേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സാംസ്കാരികസ്ഥാപനമാണ് ഭാരത് ഭവന്‍. 1984-ലാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.

2011 ഒക്ടോബര്‍ 7-ന് കുളു-മണാലിയിലേക്ക് ആദ്യമായി നമ്മുടെ നാട്ടിലെ തെയ്യം കലാകാരരും, ഒപ്പന, തിരുവാതിര, മാര്‍ഗ്ഗംകളി കലാകാരികളും കടന്നു ചെന്നു. 2012-ലും ഹിമാചല്‍ സര്‍ക്കാരിന്റെ ക്ഷണം ലഭിക്കുകയുണ്ടായി. തിടമ്പു നൃത്തം എന്ന ക്ഷേത്രകലാരൂപത്തോടൊപ്പം പഞ്ചവാദ്യവും തെയ്യങ്ങളും ഇടംപിടിച്ചു.

സാംസ്കാരികവകുപ്പു മന്ത്രി ചെയര്‍മാനും സാംസ്കാരികവകുപ്പു സെക്രട്ടറി വൈസ് ചെയര്‍മാനുമായുള്ള ഭാരത് ഭവന്‍ ഭരണസമിതിയിലെ മെമ്പര്‍ സെക്രട്ടറിയെയും അംഗങ്ങളെയും സര്‍ക്കാരാണ് നിയമിക്കുന്നത്.

അഫിലിയേറ്റഡ് അസോസിയേഷനുകള്‍
തിരുവനന്തപുരം തമിഴ് സംഘം, തിരുവനന്തപുരം ബംഗാളി അസോസിയേഷന്‍, തെലുങ്ക് സംസ്കൃതിക സംഘം, താന്‍സന്‍ സൂര്‍ സംഘം, കര്‍ണ്ണാടക അസോസിയേഷന്‍, ഒറിയ അസോസിയേഷന്‍, മഹാരാഷ്ട്ര മണ്ഡല്‍ എന്നിങ്ങനെ 8 വിവിധ ഭാഷാന്യൂനപക്ഷ അസോസിയേഷനുകള്‍ ഭാരത് ഭവനില്‍ അഫിലിയേറ്റ് ചെയ്തും, സ്വന്തം നിലയിലും ഭാരത് ഭവന്റെ സാമ്പത്തികസാമ്പത്തികേതര സഹായങ്ങളോടെ പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം
കുട്ടികളുടെ നാടകോത്സവം, ഭാരത് ഭവന്‍ കലോത്സവം, സാംസ്കാരികോത്സവം, കൊങ്കണി കലോത്സവം, സൈബീരിയന്‍ നടനത്തിന്റെ മാസ്മരികഭാവങ്ങള്‍ ഒരുക്കിയ 'സൈബീരിയന്‍ പാറ്റേണ്‍സ്'. കുച്ചിപ്പുടി, സത്രിയ എന്നീ അന്യസംസ്ഥാന നൃത്തങ്ങള്‍ അരങ്ങേറിയ മറുനാടന്‍ നൃത്തസംഗമം തുടങ്ങിയ നൃത്തോത്സവങ്ങള്‍, ഗസല്‍സന്ധ്യ, വീണക്കച്ചേരി, ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി തുടങ്ങിയ സംഗീതപരിപാടികള്‍; ഭാരതീയകവിസമ്മേളനം; കല, സംസ്കാരം, സാഹിത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണപരമ്പരകള്‍, സാഹിത്യസംവാദങ്ങള്‍, ത്രിഭാഷാസംഗമം, ഭാഷാശിബിരം, ദേശീയോദ്ഗ്രഥനശില്പശാലകള്‍, കേരള ഫെസ്റ്റിവല്‍ ഇന്‍ ഹരിയാന, ഹരിയാന ഫെസ്റ്റിവല്‍ ഇന്‍ കേരള, തിരക്കഥാക്യാമ്പ്, ചലച്ചിത്രാസ്വാദന ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ ഭാരത് ഭവന്‍ സംഘടിപ്പിക്കുകയുണ്ടായി.

കേരളത്തിലെ എല്ലാ സാംസ്കാരികസ്ഥാപനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഹാന്‍ഡ് ബുക്ക് ഓണ്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ കേരള', കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവ സംബന്ധിച്ച് പ്രമുഖ സാംസ്കാരികസാമൂഹിക, വിദ്യാഭ്യാസവിചക്ഷണന്മാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 'കനകകേരളം ചരിത്രവും വര്‍ത്തമാനവും സുവനീര്‍' എന്നിവ സംസ്ഥാനസാംസ്കാരികവകുപ്പിനു വേണ്ടി ഭാരത് ഭവന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതല്‍ ഭാരത് ഭവന്‍ വിവര്‍ത്തകരത്‌നം അവാര്‍ഡ് (25,000 രൂപയും ഫലകവും) ഏര്‍പ്പെടുത്തി. പ്രഥമപുരസ്കാരം പ്രൊഫ. ഡി. തങ്കപ്പന്‍നായര്‍ക്ക് ലഭിച്ചു.