ജീവചരിത്രം/ആത്മകഥ സാഹിത്യം

ജീവചരിത്രവും ആത്മകഥയും  വ്യക്തി ഉള്‍ക്കൊണ്ട കാലഘട്ടത്തിന്റെ ചരിത്രമാണ്. രണ്ടിലും ജീവിതകഥയാണുള്ളത്. സ്വയം ചിത്രീകരിക്കാത്തത് ആത്മകഥയും മറ്റൊരാളുടെ ജീവിതമെഴുതുന്നത് ജീവചരിത്രവും. 1870കളിലാണ് ഇവ മലയാളഭാഷയില്‍ പ്രത്യക്ഷമാവുന്നത്. ആദ്യത്തെ ആത്മകഥയായി വിശ്വസിച്ചുപോരുന്നത് അപ്പത്തടീരിയുടെയും  വെള്ളയുടെയും ആത്മകഥാ വിവരണങ്ങളാണ്. 1875ല്‍ വൈക്കത്തു പാച്ചുമൂത്തതിന്റെ ജീവിതകഥയും 1880-ല്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇംഗ്ലീഷിലെഴുതിയ ആത്മകഥസംഗ്രഹവും ഈ ഗണത്തില്‍പ്പെടുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 'എന്റെ നാടുകടത്തല്' (1911), സാഹിത്യപഞ്ചാനന്റെ 'സ്മരണാമണ്ഡലം' (1938), ഇ.വി.കൃഷ്ണപിള്ളയുടെ 'ജീവിതസ്മരണ'കള്‍ (1938,1949) സി.ശങ്കരന്‍നായരുടെ ആത്മകഥ (1945) തുടങ്ങിയവ ആദ്യകാല ജീവിതകഥകളില്‍പ്പെടും.  നെഹ്റുവിന്റെ ആത്മകഥ 1940-ലും ടാഗോറിന്റെ ആത്മകഥ 1947-ലും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തരം ജീവചരിത്രങ്ങളും ആത്മകഥകളും ധാരാളമുണ്ടായി. സര്‍ദാര്‍ കെ.എം. പണിക്കരുടെ ആത്മകഥയുടെ നാലുഭാഗങ്ങള്‍ 1952-54 കാലത്തു പ്രസിദ്ധീകരിച്ചു. സി. കേശവന്റെ 'ജീവിതസമരം' (1945), മന്നത്തുപത്മനാഭന്റെ 'എന്റെ ജീവിതസ്മരണ'കള്‍ (1957), കെ.പി. കേശവമേനോന്റെ 'കഴിഞ്ഞകാലം' (1958) ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'എന്റെ കലാജീവിതം' (1964) സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ 'ഒരു നടന്റെ ആത്മകഥ' (1964), കെ.വി. എമ്മിന്റെ 'ആത്മകഥ' (1966) ഇ.എം. എസ്സിന്റെ 'ആത്മകഥ' (1969)  എ.കെ. ഗോപാലന്റെ 'എന്റെ ജീവിതകഥ' (1972), ചെറുകാടിന്റെ 'ജീവിതപ്പാത' (1974), ഫാദര്‍ ജോസഫ് വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' (1974), പി. കുഞ്ഞിരാമന്‍ നായരുടെ 'കവിയുടെ കാല്‍പ്പാടുകള്‍' (1975) വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 'അനുഭവങ്ങളേ, നന്ദി' (1985), ഇ. മൊയ്തുമൗലവിയുടെ 'മൗലവിയുടെ ആത്മകഥ' (1985), തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടന്‍' (1991) തുടങ്ങി ശ്രദ്ധേയമായ അനവധി ജീവിതകഥകളുടെ സാന്നിദ്ധ്യം കൊണ്ട് നമ്മുടെ ആത്മകഥ-ജീവചരിത്രസാഹിത്യം സമ്പന്നമാക്കി. വര്‍ത്തമാനകാലത്തും സജീവമായ ഒരു സാഹിത്യ ശാഖയാണിത്. 

ഇന്ന് മലയാളത്തില്‍ വളരെ സജീവമായ ജീവചരിത്ര/ആത്മകഥാസാഹിത്യം ഇരുപത്തൊന്നാം നൂറ്റാണ്ടോടുകൂടിയാണ് ഒരു സാഹിത്യശാഖ എന്ന നിലയില്‍ വളര്‍ന്നുവന്നത്. മര്‍സിനോസ് പുരോഹിതന്‍ ഇറ്റാലിയന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യായുടെ ചരിത്ര സംക്ഷേപം'(1886) എന്ന കൃതിയാണ് മലയാളത്തിലുണ്ടായ ആദ്യ ജീവചരിത്രഗ്രന്ഥം. ജീവചരിത്രസാഹിത്യത്തിന് മലയാളത്തിലെ മലയാളിയായ എഴുത്തുകാരന്റെ  ഗ്രന്ഥമായി കണക്കാക്കുന്നത് വിശാഖം തിരുന്നാള്‍ മഹാരാജാവ് പരിഭാഷപ്പെടുത്തിയ മോണ്ടറുടെ 'ട്രഷറി ഓഫ് ബയോഗ്രാഫി'യുടെ രണ്ടു ജീവചരിത്രപരിഭാഷകളെയാണ്. വലിയ കോയിത്തമ്പുരാന്‍ 107 ജീവചരിത്രങ്ങള്‍ ഉള്‍കൊള്ളുന്ന മഹാചരിത്രസംഗ്രഹം 1895-ല്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷില്‍   നിന്ന് പരിഭാഷപ്പെടുത്തിയവയാണിത്. ദിവാന്‍ സര്‍ ടി. മാധവരായരുടെ ലഘുജീവചരിത്രം രാമരായര്‍,  ലക്ഷ്മണരായരും (1893) കേരളമിത്രം, പത്രത്തിന്റെ സ്ഥാപകനായ ദേവജി ഭിമജിയുടെ ജിവചരിത്രം അതിന്റെ പത്രാധിപരായിരുന്ന എ.ടി. കുഞ്ഞുണ്ണിയും പ്രസിദ്ധീകരിച്ചു. 'പരിശ്രമത്താല്‍ ഉണ്ടായ സമ്പത്ത് അഥവാ ബുക്കര്‍ ടി.വാഷിംഗ്ടണ്‍ എന്ന മഹാന്റെ ജീവചരിത്രം' കെ. പരമുപിള്ള (1904), 'കാറല്‍മാക്സിനെപ്പറ്റി' സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1912), 'ബുദ്ധചരിതം' തരവത്ത് അമ്മാളുവമ്മ (1913), 'സാഹിത്യപ്രണയിനികള്‍' തോമസ് പോള്‍ (1914, 1930) തുടങ്ങിയവയാണ് ആദ്യകാല ജീവചരിത്രഗ്രന്ഥങ്ങള്‍.

ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ചെഴുതിയ ആദ്യ ജീവചരിത്രമായി കരുതുന്നത് പി.എന്‍. നാരായണപിള്ളയുടെ 'ചിത്രമെഴുത്തുകോയിത്തമ്പുരാന്‍' (1913) ആണ്. പി.കെ. പരമേശ്വരന്‍ നായര്‍, കണ്ടത്തില്‍  വര്‍ഗ്ഗീസ് മാപ്പിള, മഹാകവി കെ.പി. കേശവപിള്ള, എ.ഡി. ഹരിശര്‍മ്മ, പി. അനന്തന്‍പിള്ള, കെ. സുരേന്ദ്രന്‍, വി. ഉണ്ണികൃഷ്ണന്‍ നായര്‍, മാടശ്ശേരി, എം. ഭാഗിരഥിയമ്മത്തമ്പുരാന്‍, ഇ. എം. ജെ. വെണ്ണിയൂര്‍, ടി.എം. ചുമ്മാര്‍, കെ.പി. ശങ്കരമേനോന്‍, പ്രൊഫ. പി.ജി. പുരുഷോത്തമന്‍ പിള്ള, മൂര്‍ക്കോത്തു കുഞ്ഞപ്പ, കെ.പി. എസ്. മോനോന്‍, പവനന്‍, ഡോ. കെ.ടി. രാമവര്‍മ്മ, കെ.പി. നാരായണപ്പിഷാരോടി ഇങ്ങനെ നിരവധി പ്രതിഭാധനരായ എഴുത്തുകാര്‍ ഈ രംഗത്ത് പിന്നീട് ചുവടുറപ്പിച്ചു.

മലയാളത്തില്‍ വളരെ സമ്പന്നമാണ് ജീവചരിത്രം/ആത്മകഥ/തൂലികാചിത്രസാഹിത്യം. പാരമ്പര്യത്തിന്റെ കരുത്ത് പകര്‍ന്നെടുത്ത് പുതുതലമുറയും ഈ ശാഖയില്‍ ശോഭിക്കുന്നു.