വള്ളംകളികള്‍

കായലുകളും പുഴകളും തോടുകളും നിറഞ്ഞ കേരളത്തില്‍ പ്രാചീനകാലം മുതല്‍ വള്ളംകളി ഒരു വിനോദമെന്ന നിലയില്‍ നിലനിന്നിരുന്നു. ഓണക്കാലമെത്തുമ്പോള്‍ ഇത് ഒരു വിനോദമെന്നതിലുപരി ജലോത്സവമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. വള്ളം തുഴഞ്ഞു കൊണ്ടുള്ള ഈ കളിയില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കാറുണ്ട്. ചുണ്ടന്‍വള്ളം, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളം, ചെറുവള്ളം എന്നിവയെല്ലാം മത്സരത്തിനിറങ്ങും. വഞ്ചിപ്പാട്ടുപാടി വേഗത്തില്‍ തുഴഞ്ഞു മുന്നേറുകയാണു ഈ കളിയുടെ രീതി. താണും ഉയര്‍ന്നും (നത - ഉന്നത) ജലത്തിലെ ഓളങ്ങളെ അനുസ്മരിപ്പിക്കുന്ന ഈരടിവൃത്തമായ നതോന്നതയാണ് വഞ്ചിപ്പാട്ടിന്റേത്.