ബ്രാഹ്മിലിപി

ഇന്ത്യയില്‍നിന്നു കിട്ടിയിട്ടുള്ള ശിലാലിഖിതങ്ങളിലെ ഏറ്റവും പ്രാചീനമായ ലിപിയാണ് ബ്രാഹ്മിലിപി. മൗര്യസാമ്രാജ്യചക്രവര്‍ത്തിയായ അശോകന്റെ ശിലാശാസനങ്ങളാണ് ലഭ്യമായവയില്‍ ഏറ്റവും പഴയ ലിഖിതങ്ങള്‍. അവ ബ്രാഹ്മി ലിപിയിലാണ്. അശോകന്റെ കാലത്ത് (ബി. സി. 304 - 232) ഇന്ത്യയുടെ മിക്കഭാഗത്തും ബ്രാഹ്മിലിപി പ്രചരിച്ചിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ആറ് സ്വരാക്ഷരങ്ങളും 33 വ്യഞ്ജനാക്ഷരങ്ങളും അശോകബ്രാഹ്മിയില്‍ കാണാം. ഈ അക്ഷരമാല തുടര്‍ച്ചയായി നില നില്‍ക്കുകയും ആധുനികകാലത്ത് എല്ലാ ഭാരതീയ അക്ഷരമാലകളിലേക്കും കടന്നു കൂടുകയും ചെയ്തു. എല്ലാ വ്യഞ്ജനാക്ഷരങ്ങളും സ്വരാക്ഷരമായ 'അ' യുടെ ശബ്ദം ഉള്‍ക്കൊള്ളുന്നു. അശോകലിഖിതങ്ങളിലെ ലിപികളുടെ സ്വാഭാവികരൂപം എല്ലായിടത്തും ഏതാണ്ട് ഒരുപോലെയായിരുന്നെങ്കിലും വ്യത്യസ്തപ്രദേശങ്ങളിലെ ആളുകള്‍ അവ എഴുതുകയും കല്ലില്‍ കൊത്തുകയും ചെയ്തപ്പോള്‍ അല്പസ്വല്പം രൂപവ്യത്യാസം ഉണ്ടായിട്ടുണ്ട്.

അശോകനുശേഷം മൗര്യസാമ്രാജ്യം ശിഥിലമായതോടെ ഇന്ത്യയില്‍ പൊതുവായ എഴുത്തുശൈലി ഇല്ലാതായി. ലിപികളിലെ പ്രാദേശിക വ്യത്യാസം ഉറച്ചു. പുതിയ ചില അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എ.ഡി. ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയ്ക്കുള്ള കാലത്ത് വീണ്ടും രൂപവ്യതിയാനങ്ങള്‍ ഉണ്ടായി. വേഗത്തില്‍ എഴുതുമ്പോള്‍ കൈക്കും തൂലിക/എഴുത്താണിക്കും ഉണ്ടാകുന്ന ചലനം മൂലം ഉണ്ടാകുന്ന രൂപഭേദങ്ങളും ആലങ്കാരികരൂപങ്ങളും വളവുതിരിവുകളും അക്ഷരങ്ങള്‍ക്ക് അംഗഭംഗം വരുത്താതെതന്നെ വ്യക്തമായ രൂപവ്യത്യാസത്തിനു വഴിതെളിച്ചു. അടിസ്ഥാനരൂപങ്ങളില്‍ തന്നെ അല്പമായ വ്യത്യാസം ഉണ്ടായി. രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ പലരീതിയില്‍ ബ്രാഹ്മിലിപി എഴുതാന്‍ തുടങ്ങിയത് പിന്നീട് ഒമ്പതാം നൂറ്റാണ്ടു മുതല്‍ സ്വതന്ത്രലിപികളുടെ രൂപപ്പെടലിനു വഴിതെളിച്ചു. തെക്കേ ഇന്ത്യയിലും ഇതിന്റെ ഭാഗമായി പലതരത്തിലുള്ള എഴുത്തു സമ്പ്രദായങ്ങള്‍ ഉണ്ടായി. അവയില്‍ നിന്നാണ് ആധുനിക ദ്രാവിഡലിപികള്‍ വികസിച്ചു വന്നത്.