തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ (1809-1844) കാലത്താണ് കേരളത്തില്‍ കര്‍ണാടകസംഗീതം എന്നറിയപ്പെടുന്ന ആധുനിക ദക്ഷിണേന്ത്യന്‍സംഗീതം പ്രചരിച്ചുതുടങ്ങിയത്.
അദ്ദേഹം കര്‍ണാടകസംഗീതത്തില്‍ ഒട്ടേറെ കീര്‍ത്തനങ്ങളും രാഗമാലികകളും രചിച്ചു. കര്‍ണാടകസംഗീതത്തിലെ സ്വാതിമുദ്രകളായി മാറി. സ്വാതിതിരുനാളിന്റെ അദ്ധ്യാപകനും പില്‍ക്കാലത്ത് ദിവാനുമായ തഞ്ചാവൂര്‍ സുബ്ബരായര്‍ സംഗീതജ്ഞനായിരുന്നു. ഇദ്ദേഹം മുഖാന്തിരം തിരുവനന്തപുരത്തേയ്ക്ക് വരുത്തപ്പെട്ട മേരുസ്വാമികളെന്ന സംഗീതപാരംഗതന്റെ ശിക്ഷണം മഹാരാജാവ് സ്വീകരിച്ചു. ദക്ഷിണേന്ത്യയിലെ കലാകാരന്മാര്‍ക്ക് അഭയസ്ഥാനമായിരുന്ന തഞ്ചാവൂരിലെ മഹാരാജാവ് അന്തരിച്ചത് അക്കാലത്താണ്. അതോടെ തഞ്ചാവൂരില്‍ നിന്ന് വിദ്വാന്മാരും തിരുവിതാംകൂറിലേക്കു ചേക്കേറി. സ്വാതിയെ ഏറെ സ്വാധീനിച്ചവരായിരുന്നു തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം തുടങ്ങിയവര്‍. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്‍മാരായിരുന്നു തഞ്ചാവൂര്‍ സഹോദരന്മാര്‍. അവരില്‍ വടിവേലു സ്വാതിയെ ഗാനനിര്‍മ്മിതിയില്‍ വളരെയധികം സഹായിച്ചു. പാശ്ചാത്യ വാദ്യോപകരണമായ വയലിന്‍ കര്‍ണാടകസംഗീതത്തില്‍ ഉപയോഗിച്ചാല്‍ നന്നാകുമെന്ന് സ്വാതിയെ വടിവേലു ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ സ്വാതിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണങ്ങള്‍ നടക്കുകയും വയലിനെ കര്‍ണാടകസംഗീതകച്ചേരിയില്‍ പക്കവാദ്യങ്ങളില്‍ ഒന്നാക്കുകയും ചെയ്തു. കര്‍ണാടകസംഗീതചരിത്രത്തിലെ ഏറ്റവും ധീരമായ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്. ത്യാഗരാജസ്വാമിയുടെ ശിഷ്യന്‍ സ്വാതിയുടെ സദസ്സിലെത്തിയതോടെ ത്യാഗരാജകൃതികള്‍ തിരുവിതാംകൂറില്‍ പ്രചരിച്ചു. മലയാളം, സംസ്കൃതം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ സ്വാതി സംഗീതരചന നിര്‍വഹിച്ചു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്കുവേണ്ടിയും സ്വാതിയും സംഗീതപരിവാരങ്ങളും ഗാനങ്ങള്‍ രചിച്ചു.
ഇരവിവര്‍മ്മന്‍ തമ്പി (ഇരയിമ്മന്‍തമ്പി), പരമശിവം ഭാഗവതര്‍, ഷഡ് കാല ഗോവിന്ദ മാരാര്‍, ചോളപുരം രഘുനാഥരായര്‍ തുടങ്ങിയവരും സ്വാതിസദസ്സിനെ സംഗീതത്തിലാറാടിച്ചു. അസാമാന്യപണ്ഡിതനായ ഇരയിമ്മന്‍തമ്പി നിരവധി പദങ്ങള്‍ (പഞ്ചബാണന്‍ തന്നുടയ...., പ്രാണനാഥനെനിക്കു നല്‍കിയ.... തുടങ്ങിയവ) മലയാളഗാനസാഹിത്യത്തിന് സംഭാവന ചെയ്തു. ഓമനത്തിങ്കള്‍ക്കിടാവോ... എന്ന താരാട്ടുപാട്ടും തമ്പിയുടെതാണ്. തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചി (1820-1904) സ്വാതിയുടെയും തമ്പിയുടെയും കാലശേഷം തിരുവിതാംകൂറിന്റെ സംഗീതത്തെ പ്രഫുല്ലമാക്കി. നിരവധി തിരുവാതിരപ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍, ആട്ടക്കഥകള്‍ എന്നിവയ്ക്കുപുറമേ സ്ഥലപുരാണങ്ങളും തങ്കച്ചി രചിച്ചിട്ടുണ്ട്. തങ്കച്ചിയുടെ കാലം കഴിഞ്ഞാല്‍ കേരളസംഗീതശാഖയെ ഏറ്റവുമധികം പരിപോഷിപ്പിച്ച ആളാണ് കെ.സി. കേശവപിള്ള (1868-1914). ഇദ്ദേഹം എഴുപതോളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.
തിരുവിതാംകൂറിന് വടക്ക് കര്‍ണാടകസംഗീതം പ്രചരിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ചയാളാണ് പാലക്കാട് പരമേശ്വരഭാഗവതര്‍. (1815-1892) സ്വാതിയുടെ സംഗീതസദസ്സില്‍ നിയമിക്കപ്പെട്ട തിരുവിതാംകൂര്‍ സ്വദേശിയല്ലാത്ത ആദ്യയാളാണ് പരമേശ്വരഭാഗവതര്‍.
സംഗീതജ്ഞന്‍, കവി, നിരൂപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (1875-1964) ചിതറിക്കിടന്നിരുന്ന സംഗീതചിന്തകളേയും തത്ത്വങ്ങളേയും ക്രോഡീകരിച്ച് സംഗീതചന്ദ്രിക എന്ന ബൃഹദ്ഗ്രന്ഥം രചിച്ചു. മലയാളത്തിലുണ്ടായ ഏറ്റവും മികച്ച സംഗീതശാസ്ത്രങ്ങളില്‍ ഒന്നാണ് സംഗീതചന്ദ്രിക.
ഇരുപതാംനൂറ്റാണ്ടോടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കര്‍ണാടകസംഗീതത്തിന് വലിയ പ്രചാരം ലഭിച്ചു. നിരവധി മഹാകലാകാരന്മാര്‍ കര്‍ണാടകസംഗീതത്തില്‍ കേരളത്തിന്റെ പെരുമയറിയിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ (1896-1974) ആയിരുന്നു അവരിലെ പ്രമുഖന്‍. അനുഗൃഹീത സംഗീതജ്ഞനായ ചെമ്പൈ ദക്ഷിണേന്ത്യയിലെ പേരുകേട്ട വിദ്വാന്‍സദസ്സുകളിലെല്ലാം കച്ചേരി നടത്തി. കര്‍ണാടകസംഗീതത്തില്‍ കേരളത്തിന്റെ പതാകവാഹകന്‍ തന്നെയായി ചെമ്പൈ 'വാതാപി ഗണപതി' 'കരുണ ചെയ്‌വാന്‍...' തുടങ്ങിയ കീര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രചാരം ലഭിച്ചത് ചെമ്പൈയിലൂടെയായിരുന്നു. കച്ചേരി നടത്തുന്നതിനൊപ്പം വന്‍ ശിഷ്യസമ്പത്ത് ഉണ്ടാക്കുവാനും ചെമ്പൈയ്ക്ക് കഴിഞ്ഞു. പ്രതിഫലം വാങ്ങാതെ ആയിരുന്നു ചെമ്പൈ പഠിപ്പിച്ചിരുന്നത്. ഒരു മഹാഗുരുവില്‍ ജാതി-മത സമ്പന്ന-ദരിദ്ര ഭേദമില്ലാതെ സംഗീതം പഠിക്കാമെന്ന അവസ്ഥ കേരളത്തിലെ സംഗീതസ്‌നേഹികള്‍ക്ക് അനുഗ്രഹമായി. അതിപ്രഗത്ഭരായ നിരവധി ഗായകര്‍ ചെമ്പൈയുടെ ശിഷ്യത്വം സ്വീകരിച്ചു. യേശുദാസ്, ജയവിജയന്മാര്‍ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍.
ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് 1939-ല്‍ തുടങ്ങിയ സ്വാതി സംഗീത അക്കാദമി കേരളത്തിലെ കര്‍ണാടകസംഗീത ശാഖയ്ക്ക് അക്കാദമികമായ അടുക്കും ചിട്ടയും വരുത്തി. പിന്നീട് കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴില്‍ സ്വാതിതിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്കല്‍ സ്റ്റഡീസ് എന്ന പേരില്‍ ഈ സ്ഥാപനം പ്രശസ്തമായി. കര്‍ണാടകസംഗീതത്തിലെ വായ്പ്പാട്ടു മാത്രമല്ല പക്കവാദ്യങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ശൊമ്മാങ്കുടി ശ്രീനിവാസഅയ്യരെപ്പോലെ പല പ്രമുഖരും ഇവിടെ പ്രിന്‍സിപ്പല്‍മാര്‍ ആയിട്ടുണ്ട്. ശൊമ്മാങ്കുടിയും കേരളത്തില്‍ ധാരാളം ശിഷ്യ സമ്പത്ത് നേടി.
മികച്ച അധ്യാപകനും സംഗീതജ്ഞനുമായ നെയ്യാറ്റിന്‍കര വാസുദേവന്‍ സംഗീതജ്ഞനായ പാലക്കാട് കെ.വി നാരായണസ്വാമി, മൃദംഗ ചക്രവര്‍ത്തിയായി അറിയപ്പെട്ടിരുന്ന പാലക്കാട് മണി അയ്യര്‍, പ്രശസ്ത മൃദംഗ അധ്യാപകനും വാദകനുമായ മാവേലിക്കര വേലുക്കുട്ടി നായര്‍ തുടങ്ങിയവര്‍ കര്‍ണാടക സംഗീതത്തിന് വലിയ സംഭാവനകള്‍ നല്‍കി. പാലാ സി.കെ രാമചന്ദ്രന്‍, പ്രൊഫ കെ. ഓമനക്കുട്ടി, മാവേലിക്കര പ്രഭാകരവര്‍മ്മ, പി. ആര്‍. കുമാര കേരള വര്‍മ, ആയാംകുടി മണി പുതിയ തലമുറയിലെ ശ്രദ്ധേയരായ ശങ്കരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍, അനുരാധ കൃഷ്ണമൂര്‍ത്തി എന്നിവരും കേരളത്തിന്റെ കര്‍ണാടകസംഗീതത്തെ ശോഭപൂര്‍ണമാക്കുന്നു.