ചാക്യാര്‍കൂത്ത്



വാചികപ്രധാനമായ കലയാണ് കൂത്ത്. പുരാണത്തിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദര്‍ഭങ്ങള്‍ സദസ്യര്‍ക്ക് അഭിനയിച്ചു പറഞ്ഞു കൊടുക്കുകയാണ് കൂത്തില്‍ ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ ചാക്യാര്‍ സമുദായത്തില്‍പ്പെട്ടവര്‍ മാത്രം അവതരിപ്പിച്ചിരുന്നതിനാല്‍ ചാക്യാര്‍ കൂത്തെന്നു പേര് വന്നു. പണ്ടു ക്ഷേത്രങ്ങള്‍ക്കുള്ളിലെ കൂത്തമ്പലങ്ങളില്‍ മാത്രമാണ് കൂത്ത് അവതരിപ്പിച്ചിരുന്നത്.

ഒരാള്‍ മാത്രമാണ് അഭിനയിക്കുന്നത്. അയാള്‍ക്ക് വിദൂഷകന്റെ വേഷമാണ്. കഥ പറയുന്നതിനൊപ്പം ആംഗികസാത്വികാഭിനയങ്ങളിലൂടെ അവതരണം ഹൃദ്യമാക്കുന്നു. പശ്ചാത്തലമായി ഒരാള്‍ രംഗവേദിക്കു പിന്നിലിരുന്നു മിഴാവ് എന്ന വാദ്യം വായിക്കും. അരി, മഞ്ഞള്‍, കരി എന്നിവ കൊണ്ടു മുഖമെഴുതും. ഒരു കാതില്‍ കുണ്ഡലവും മറു കാതില്‍ വെറ്റില തിരുക്കും ധരിക്കും. വസ്ത്രം ഞൊറിഞ്ഞുടുക്കും.

കഥാവതരണത്തിനിടെ അതിനായി തെരഞ്ഞെടുത്ത പദ്യഭാഗങ്ങള്‍ വ്യാഖ്യാനിക്കും. ഉപകഥകളും നര്‍മ്മകഥകളും കൊണ്ട് ചാക്യാര്‍ സദസ്യരെ പിടിച്ചിരുത്തും. സമകാലികപ്രശ്‌നങ്ങളെ ഭരണാധികാരികളുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ അധികാരമുള്ള ചാക്യാരുടെ വിമര്‍ശനങ്ങള്‍ക്കു കഴിയും. പണ്ട് ചാക്യാരുടെ വിമര്‍ശനങ്ങളെയോ ഫലിതങ്ങളെയോ സദസ്യരില്‍ ആരെങ്കിലും എതിര്‍ത്താല്‍ അതോടെ ആ ക്ഷേത്രത്തില്‍ കൂത്ത് നടത്തുന്നത് നിര്‍ത്തലാക്കുമായിരുന്നത്രേ.