ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്കുന്ന നാടകമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള നാടകരൂപമാണിത്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം. കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരവും വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളര്‍ച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. മതപരവും സൈനികവുമായ നിരവധി കാരണങ്ങള്‍ ചവിട്ടുനാടകത്തിന്റെ ഉത്ഭവത്തിന് കാരണമായി പറയപ്പെടുന്നു. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരില് ഒരാളായ വിശുദ്ധ തോമസ് എ.ഡി. 52-ല്‍ കേരളത്തില്‍ ക്രിസ്തു മതപ്രചാരണം ആരംഭിച്ചു. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങളുണ്ടായി. ക്നാനായിലെ തോമസിന്റെ നേതൃത്വത്തിലും സാപ്പോര്‍ ഈശോയുടെ നേതൃത്വത്തിലും നടന്ന കുടിയേറ്റങ്ങള്‍ ഇതില്‍ പ്രധാനമാണ്.
പോര്‍ച്ചുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ തന്നെ ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. കേരളത്തിലെ പരമ്പരാഗത സഭകളുടെ പാശ്ചാത്യവല്‍ക്കരണ ശ്രമങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ക്രിസ്തീയ കലകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കള്‍. പാശ്ചാത്യ ദൃശ്യകലയായ 'ഒപേര'യുടെ സ്വാധീനം ഇതില്‍ കാണാം. മദ്ധ്യകാല ചരിത്ര നാടകങ്ങളുടെ സ്വാധീനവും ഇതിനുണ്ട്. കഥകളി തുടങ്ങിയ കേരളീയ കലകളും കളരിപയറ്റും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. സല്‍ക്കഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീവേഷക്കാര്‍ക്ക് ലാസ്യ മട്ടിലുള്ള ചുവടുകളും ഉണ്ട്.
തട്ട് എന്നറിയപ്പെടുന്ന അരങ്ങത്താണ് നാടകം അവതരിപ്പിക്കുക. ചവിട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്ന രീതിയില്‍ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന് എതാണ്ട് 16 കോല് വീതിയും, 50-60 കോല് നീളവും കാണും. തറയില്‍ നിന്നും ഒന്നര കോല് ഉയരം ഉണ്ടാകണം. അരങ്ങത്ത് വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് ഒരു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നില്ക്കും. ആകര്‍ഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങള്‍ക്കുള്ളത്. ഓരോ കഥാപാത്രത്തിന്റേയും സ്വഭാവത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമന്‍ ഭടന്മാരേയും യൂറോപ്യന്‍ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വര്‍ണ്ണക്കടലാസുകളും സില്‍ക്ക് കസവ് വെല്‍വെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാന് ഉപയോഗിക്കും. പോര്‍ച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോല്‍, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗിക്കും. തബല, ഫിഡില്‍, ഫ്ളുട്ട്, ബുള്‍ബുള്‍ തുടങ്ങിയ വാദ്യോപകരണങ്ങളും അടുത്ത കാലത്തായി ഉപയോഗിച്ചു വരുന്നു.
രാത്രിയിലാണ് നാടകം അരങ്ങേറുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. എട്ടു മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടര്‍ന്ന് ദര്‍ബാര്‍ രംഗത്തോടെ കളി തുടങ്ങും. കട്ടിയക്കാരന്‍-വിദൂഷകന്-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവന്‍ ഗാനരൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വര്‍ണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.
ചവിട്ടുനാടകത്തിലെ ആശാനാണ് അണ്ണാവി. സംഗീതം, ചുവട്, സാഹിത്യം എന്നിവയിലെല്ലാം സാമര്‍ത്ഥ്യമുള്ള ആളാണ് അണ്ണാവി. കളരികെട്ടി ഗുരുകുലസമ്പ്രദായത്തിലാണ് ചവിട്ടുനാടകം പഠിപ്പിക്കുന്നത്. ആദ്യം ചുവടുകള്‍ പഠിപ്പിക്കും. ചുവടുകള്‍ ഉറച്ചതിനുശേഷമാണ് അടവുകളും തടവുകളും പഠിപ്പിക്കുന്നത്. അതിനുശേഷമേ ചൊല്ലിയാട്ടം തുടങ്ങു. പുരുഷന്മാരാണ് സ്ത്രീവേഷവും കെട്ടുന്നത്. ആദ്യകാലങ്ങളില്‍ മതപരമായ ആഘോഷവേളകളില്‍ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് കേരളീയമായ ഒരു വ്യക്തിത്വമുണ്ട്. വിവിധ സഭാപാരമ്പര്യങ്ങളുടെ സ്വാധീനം നിലനില്‍ക്കെത്തന്നെ കേരളീയ സാംസ്കാരിക പാരമ്പര്യത്തില്‍ ഊന്നിയുള്ളതാണ് ഈ വ്യക്തിത്വരൂപീകരണം. ഈയൊരു പ്രക്രിയയില്‍ ചവിട്ടുനാടകം പോലുള്ള രംഗകലകള്‍ വഹിച്ച പങ്ക് പ്രധാനമാണ്. വിശ്വാസികളെ പ്രാദേശിക സംസ്കാരത്തോട് അടുത്തുനില്‍ക്കാനും അതേ അവസരം ക്രിസ്തീയവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും ഇത്തരം കലാരൂപങ്ങള്‍ സഹായിച്ചു എന്നു പറയാം.