ചെമ്പ്രെലിഖിതങ്ങള്‍

മയ്യഴി (മാഹി) യില്‍ ചാലക്കരക്കുന്നിനും ചെമ്പ്രെകുന്നിനും ഇടയ്ക്കുള്ള ചെമ്പ്രെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ ചുറ്റമ്പലത്തറയില്‍ കണ്ടെത്തിയ ശിലാലിഖിതങ്ങള്‍. കുലശേഖര പെരുമാളായ ഇന്തേശ്വരന്‍ കോത എന്ന ഇന്ദുക്കോതയുടെ 12-ാം ഭരണവര്‍ഷം (എ.ഡി. 955) പറയുന്നതാണ് വട്ടെഴുത്തിലുള്ള ആദ്യ രേഖ. 'ക്ഷേത്ര നിയമം ലംഘിക്കുന്നവരെ മാതൃപരിഗ്രഹം ചെയ്തവരായി കണക്കാക്കും' എന്നു പറയുന്ന ശാസനത്തില്‍ ചെമ്പ്രെതേവര്‍ക്കുള്ള നിത്യച്ചെലവിന്റെ ഏര്‍പ്പാടുകളെക്കുറിച്ചും ക്ഷേത്രത്തിന് 23 സ്ഥലത്ത് വസ്തുവകകളുണ്ടെന്നും നാടിന്റെ പേര് മയ്യഴിക്കരയാണെന്നുമുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

എടന്നൂര്‍ എന്ന പ്രദേശത്തെ ബ്രാഹ്മണസഭയെക്കുറിച്ച ലിഖിതത്തില്‍ പരാമര്‍ശമുണ്ട്. കേരളത്തിലെ പരമ്പരാഗതമായ 32 ബ്രാഹ്മണഗ്രാമങ്ങളില്‍ പെടാത്തതാണ് എടന്നൂര്‍. ഇവിടത്തെ സഭയെയും ഊരിനെയും വേര്‍തിരിച്ച് പറയുന്നു. ബ്രാഹ്മണരുടെ സമിതികളെ സഭ എന്നും അബ്രാഹ്മണരുടേതിനെ ഊര് എന്നും വിളിച്ചു പോന്നു. ലിപി സമ്പ്രദായംകൊണ്ട് പഴക്കം കൂടിയ രണ്ടാം ചെമ്പ്രെലിഖിതത്തില്‍ ഒരു ദേവസ്വമുണ്ടാക്കുന്നതിനെക്കുറിച്ചും ആ ദേവസ്വത്തിന്റെ കൈകാര്യരീതിയെക്കുറിച്ചും പറയുന്നു. ഭൂമിയെടുത്ത് ദേവസ്വമുണ്ടാക്കാനായി ഈ രേഖയില്‍ ഏകകണ്ഠമായി തീരുമാനമെടുക്കുന്നത് പേരെടുത്തു പറഞ്ഞിട്ടില്ലാത്ത ഒരു ഊര് ആണ്. ഈ ഊര് ഒരു ബ്രാഹ്മണേതര ഗ്രാമമായിരിക്കാം.