കേരളത്തിന്റെ തനതുവാദ്യകലകളില്‍ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങള്‍. തെക്ക്, വടക്ക് വ്യത്യാസമില്ലാതെ ഇവ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദിക്കപ്പെടുന്നു. നിരവധി കലാകാരന്മാര് മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങള്‍ കേരളീയരുടെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഹരം പകരുന്നു. പഞ്ചാരി, പാണ്ടി എന്നീ ചെണ്ടമേളങ്ങള്‍ക്കാണ് ഏറെ പ്രചാരം (തായമ്പക അവതരിപ്പിക്കുന്നത് ചെണ്ടയില്‍ ആണെങ്കില്‍ അതിനെയും ചെണ്ടമേളമായി കണക്കാക്കാം. മിഴാവിലും തായമ്പക കൊട്ടാറുണ്ട്) പ്രമാണിയാണ് മേള നയിക്കുന്നത്. മധ്യത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. ചിട്ടകള്‍ക്കനുസരിച്ച് മേളം നിയന്ത്രിക്കാന്‍ പ്രമാണി നിരന്തരം മറ്റുളളവരോടു പ്രത്യേക രീതിയില്‍ ആശയവിനിമയം നടത്തുന്നു.
അതിസങ്കീര്‍ണ്ണമാണ് ചിട്ടകളും താളവിന്യാസങ്ങളും. നിരന്തര അഭ്യാസംകൊണ്ടു മാത്രമേ അവ ഗ്രഹിക്കാനാവൂ. മിക്ക മേളങ്ങളും കലാശത്തോട് അടുക്കുമ്പോഴേ ഏതു താളമാണ് അത്രയും നേരം വിന്യസിക്കപ്പെട്ടത് എന്ന് ആസ്വാദകന് അറിയാനാവൂ. പാണ്ടിമേളത്തിനൊഴികെയുളളവ ചെമ്പടതാളത്തിന്റെ വിവിധഛായകളിലാണ് അവതരിപ്പിക്കപ്പെടുന്നത്. (ഈ രൂപം ഏറ്റവും ഒടുവില്‍ മാത്രമേ അനാവൃതമാവുകയുളളൂ). അതുകൊണ്ടുതന്നെ പാണ്ടിയൊഴികെയുള്ള മേളങ്ങളെ ചെമ്പടമേളങ്ങള്‍ എന്നു വിളിക്കുന്നു.
മേല്‍പ്പറഞ്ഞ ചെണ്ടമേളങ്ങള്ക്കെല്ലാം ചില പൊതുസമ്പ്രദായങ്ങളുണ്ട്. രണ്ടുതരം ചെണ്ടകളാണ് അവയില്‍ ഉപയോഗിക്കുന്നത്. ഉരുട്ടു ചെണ്ടയും, വീക്കന്‍ ചെണ്ടയും. ഇടന്തല ചെണ്ട, വലന്തല ചെണ്ട എന്നും ഇവയ്ക്ക് പേരുണ്ട്. ഉരുട്ടു ചെണ്ട ശ്രുതിയില്‍ അവതരിപ്പിക്കാനും വീക്കന്‍ ചെണ്ട താളത്തിനുമാണ് ഉപയോഗിക്കുന്നത്. ഉരുട്ടു ചെണ്ടയുടെ മൂന്നിരട്ടിയെങ്കിലും വേണം വീക്കന്‍ചെണ്ട. ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. പൊലിമകൂട്ടാന്‍ എണ്ണവും കൂട്ടാം. കുറുങ്കുഴല്‍, ഇലത്താളം, കൊമ്പ് എന്നിവയാണ് പ്രധാന അകമ്പടിവാദ്യങ്ങള്‍. ഇലത്താളത്തിന്റെ ധര്‍മ്മവും താളം നല്‍കുക എന്നതാണ്. ഉരുട്ടുചെണ്ട താളവിന്യാസങ്ങള്ക്കിടയിലെ പഴുതുകളടയ്ക്കുന്നു.
പഞ്ചാരിമേളത്തിനാണ് സൗന്ദര്യം കൂടുതല്‍. പാണ്ടിമേളം ഗാംഭീര്യമാര്‍ന്നതാണ്.