കേരളീയ വാദ്യോപകരണങ്ങളില്‍ ഏറ്റവും ഗാംഭീര്യമാര്‍ന്നതാണ് ചെണ്ട. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്ക് താഴേ എന്നൊരു ചൊല്ലു തന്നെയുണ്ട്. ചെണ്ടയുടെയത്ര ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യങ്ങള്‍ ലോകത്തില്‍ തന്നെ അപൂര്‍വ്വം. കേരളത്തിന്റെ താള വാദ്യ കലകളില്‍ ചെണ്ടമേളങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട തുടങ്ങിയവയാണ് ചെണ്ടമേളങ്ങള്‍. ഇവയില്‍ പാണ്ടിയ്ക്കും പഞ്ചാരിക്കുമാണ് ഏറെ പ്രചാരം. ചെണ്ടയിലും, മിഴാവിലും, തായമ്പക കൊട്ടാറുണ്ട്. കഥകളി, കേളി, മേളം തുടങ്ങിയ കലാരൂപങ്ങള്‍ക്കും ക്ഷേത്രച്ചടങ്ങുകള്‍ക്കും ചെണ്ട ഉപയോഗിക്കുന്നു. ഒരു കാലഘട്ടത്തില്‍ പഞ്ചവാദ്യത്തിലും അപൂര്‍വ്വമായെങ്കിലും ചെണ്ട ഉപയോഗിച്ചിരുന്നു. കേരളീയരുടെ ഒട്ടുമിക്ക ഉത്സവങ്ങളിലും ഏതെങ്കിലുമൊരു രൂപത്തിലുള്ള ചെണ്ടമേളം കാണാം. ഇന്ന് പരസ്യപ്രചാരണത്തിനു വരെ ചെണ്ടമേളം ഉപയോഗിക്കുന്നു.
ചെണ്ട ഒരു അവനദ്ധവാദ്യമാണ്. (വിതതവാദ്യം എന്നും പറയുന്നു). 'ഡിണ്ഡിമം' എന്നാണ് സംസ്കൃതത്തിലെ പേര്. വരിക്കപ്ളാവ്, കണിക്കൊന്ന, കരിമ്പന, തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാണ് ചെണ്ടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. വരിക്കപ്ലാവിന്റെ കാതല്‍ കടഞ്ഞെടുത്തുണ്ടാക്കുന്ന ചെണ്ടയാണ് വിശിഷ്ടം. കടഞ്ഞെടുത്ത കുറ്റി അതീവ ശ്രദ്ധയോടെ തുരന്ന് ഇരുവശത്തും പശു, എരുമ എന്നിവയുടെ തോലുകള്‍ സമന്വയിപ്പിച്ചുണ്ടാക്കുന്ന അടരുകള്‍ ഉറപ്പിക്കുന്നു. പ്രത്യേക വൈദഗ്ധ്യം വേണ്ടുന്ന ഈ കര്‍മ്മത്തെ 'വട്ടംമാടല്‍'എന്നു പറയുന്നു. മുളകൊണ്ടോ കരിമ്പനകൊണ്ടോ ഉണ്ടാക്കുന്ന വളയലുകളില്‍ അടരുകള്‍ പൊതിഞ്ഞാണ് ചെണ്ടവട്ടങ്ങള്‍ മാട്ടുന്നത്. വട്ടങ്ങള്‍ക്ക് ഇടന്തല, വലന്തല ഭേദമുണ്ട്. ചെണ്ടവട്ടങ്ങളില്‍ സമാന്തരമായി പന്ത്രണ്ടു ദ്വാരങ്ങളുണ്ടാക്കി അതില്‍കൂടി ചരടുകോര്‍ത്താണ് വട്ടങ്ങള്‍ കുറ്റിയില്‍ ഉറപ്പിക്കുന്നത്. വക്ക (ചണം) നാര് പിരിച്ചെടുത്ത ചരടാണ് ഉപയോഗിക്കുന്നത്. ചരടിന്റെ രണ്ടിഴകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കുത്തുവാറുകള്‍ (തോല്‍വളയങ്ങള്‍) ചെണ്ടയുടെ മൂപ്പ് ആവശ്യാനുസരണം ക്രമപ്പെടുത്താന്‍ ഉപകരിക്കുന്നു.
വലന്തലവട്ടത്തിനുള്ളില്‍ വൃത്തത്തില്‍ വെട്ടിയെടുത്ത നാലഞ്ചുതോല്‍ക്കഷണങ്ങള്‍ മീതക്കുമീതെ ഒട്ടിച്ച് പതിക്കുന്നു. ഇടന്തലവട്ടത്തിന് ഈ പ്രതലമുണ്ടാവില്ല. ഇടന്തലയാണ് കൊട്ടുക. വലന്തല താളം പിടിക്കാനാണ് ഉപയോഗിക്കുന്നത്. വലന്തല ദേവവാദ്യമായും ഇടന്തല അസുരവാദ്യമായും സങ്കല്‍പ്പിച്ചിരിക്കുന്നു. വലന്തലയ്ക്ക് ദൈവീകപരിവേഷമുണ്ട്. ക്ഷേത്രച്ചടങ്ങുകള്‍ക്ക് പൊതുവെ വലന്തലയിലാണ് കൊട്ടുന്നത്. കഥകളിയില്‍ ദൈവികമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടിവരുമ്പോഴും വലന്തലയില്‍ കൊട്ടാറുണ്ട്. മറ്റുമേളങ്ങള്‍ക്കെല്ലാം ഇടന്തലയിലാണ് കൊട്ടാറുള്ളത്.
തുണികൊണ്ടുള്ള കച്ച ചെണ്ടയില്‍ ബന്ധിപ്പിച്ച് ഇടതുചുമലിലൂടെ കുറുകെയിട്ടാണ് ചെണ്ട കൊട്ടുന്നത്. വലത്തെ കൈയിലെ കമ്പും (കോലും) ഇടത്തേ കൈയും ഉപയോഗിച്ച് അല്ലെങ്കില്‍ രണ്ടുകൈയിലും കോലുകള്‍ ഉപയോഗിച്ചാണ് ചെണ്ട കൊട്ടുന്നത്. തായമ്പക കൊട്ടാന്‍ ഒരു കൈയിലേ കോല്‍ ഉപയോഗിക്കാറുള്ളു. പഞ്ചാരി, പാണ്ടി തുടങ്ങിയവയ്ക്ക് മേളം കൊട്ടാന്‍ ഇടന്തലയും താളം പിടിക്കാന്‍ വലന്തലയും ഉപയോഗിക്കുന്നു. ചില സന്ദര്‍ഭത്തില്‍ ഇടന്തലയില്‍ കൈയും വലന്തലയില്‍ കോലും ഉപയോഗിച്ച് കൊട്ടുന്നു. കഥകളിക്ക് മിക്കപ്പോഴും ഇരുകൈയിലും കോല്‍ ഉപയോഗിക്കുന്നു. (കഥകളിച്ചെണ്ടയ്ക്ക് സാധാരണ ചെണ്ടയേക്കാള്‍ വലിപ്പക്കൂടുതലുണ്ട്). മൃദംഗത്തിലും മദ്ദളത്തിലും ഉണ്ടാക്കുന്ന ത, ധിം, തോം, ന്ത ശബ്ദങ്ങള്‍ ഒരല്‍പ്പം വ്യത്യാസത്തോടെ ചെണ്ടയില്‍നിന്നും പുറപ്പെടും. കൈപ്പടം കൊണ്ടു കൊട്ടുമ്പോള്‍ ധിം, താം, ശബ്ദങ്ങളും കോല്‍കൊണ്ട് വക്കത്ത് കൊട്ടുമ്പോള്‍ 'ണ' യും നടുക്കു കൊട്ടുമ്പോള്‍ 'ഢിം' ശബ്ദവും ലഭിക്കുന്നു.