ചേന്ദമംഗലം സിനഗോഗ് മ്യൂസിയം

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം ഗ്രാമത്തിലാണ് സിനഗോഗ് നിലനില്‍ക്കുന്നത്. കോട്ടയില്‍ കോവിലകം, വൈപ്പിന്‍ കോട്ട സെമിനാരി, ജൂതസെമിത്തേരി, എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ചരിത്ര സ്മാരകമാണ് ചേന്ദമംഗലം ജൂതപ്പള്ളി.

കേരളത്തില്‍ എത്തിച്ചേര്‍ന്ന ജൂത സമൂഹത്തില്‍ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്ത ജൂതന്മാരെന്നും, വെളുത്ത ജൂതന്മാരെന്നും രണ്ട് തരം ആളുകളുണ്ടായിരുന്നു. ഇതില്‍ കറുത്ത ജൂതന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഈ സിനഗോഗ്.

കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ചേന്ദമംഗലത്ത് സിനഗോഗിനുള്ള സ്ഥലം അനുവദിച്ചത്. 1614-ല്‍ ആണ് ഇവിടെ ആദ്യമായി പള്ളി പണിതത്. ഈ പള്ളി അഗ്നിബാധയില്‍ നശിച്ചു. പിന്നീട് പണിഞ്ഞ പള്ളിയും അഗ്നിക്കിരയായി. തുടര്‍ന്ന് 1830-ല്‍ നിര്‍മ്മിച്ച സിനഗോഗാണ് ഇന്നിവിടെ കാണുന്നത്.

ഒരു പൗരാണിക സ്മാരകമെന്ന നിലയിലും ജൂതസങ്കേതമെന്ന നിലയിലും വിദേശരാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നായി ഈ സിനഗോഗിനെ മാറ്റുന്നതിന് പുരാവസ്തു വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജൂതസംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം ഈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1269 ആണ് ഈ ലിഖിതത്തിന്റെ കാലഘട്ടം.

പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ

പ്രവേശന നിരക്കുകള്‍

മുതിര്‍ന്നവര്‍   02.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)   01.00 രൂപ
ക്യാമറ   10.00 രൂപ
വീഡിയോ ക്യാമറ  50.00 രൂപ