ചേങ്ങില

ക്ഷേത്രാടിയന്തിരങ്ങള്‍ക്കും കഥകളി സംഗീതത്തിനുമൊക്കെ ഉപയോഗിക്കുന്ന ഘന വാദ്യമാണ് ചേങ്ങില. വെള്ളോട് (ഓട്, പിത്തള, വെളുത്തീയം എന്നിവ കൂട്ടിച്ചേര്‍ത്ത്) കൊണ്ടാണ് ചേങ്ങില നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു മുതല്‍ ഏഴര ഇഞ്ചു വരെ വ്യാസത്തിലാണ് ഇത് വാര്‍ക്കുന്നത്. മധ്യഭാഗം അല്‍പ്പം കുഴിഞ്ഞിരിക്കും. വക്കില്‍ അടുത്തടുത്തായി രണ്ടു ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. ഈ ദ്വാരങ്ങളില്‍ ചരടു കോര്‍ത്ത് ഒരു വളയം പോലെയാക്കി ഇടതുകൈയിലെ തളളവിരല്‍ ഈ വളയത്തിലൂടെയിട്ട് ചേങ്ങില ഉയല്‍ത്തിപ്പിടിക്കുന്നു. ഉരുണ്ട കോലുകൊണ്ട് അടിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. ഇതിന്റെ മണിനാദം പൂജാകര്‍മ്മങ്ങള്‍ക്കും മറ്റ് ക്ഷേത്രാടിയന്തിരങ്ങള്‍ക്കും പവിത്രാന്തരീക്ഷമൊരുക്കുന്നു. അതുകൊണ്ടു തന്നെ ശംഖുപോലെ വിശുദ്ധമായൊരു വാദ്യമായിട്ടാണ് ചേങ്ങിലയെയും പരിഗണിക്കുന്നത്.

ചേങ്ങിലയുടെ നാദം താളബദ്ധമാണ്. തുറന്ന ശബ്ദവും (ണാം) അടഞ്ഞ ശബ്ദവും (ണ:) വ്യക്തമായി ധ്വനിപ്പിക്കാന്‍ ചേങ്ങിലയ്ക്ക് കഴിയും ശ്രീഭൂതബലി, ശീവേലി, ധാര, കലശപൂജ, അഭിഷേകങ്ങള്‍, കൊട്ടിപ്പാടിസേവ തുടങ്ങിയവക്ക് ചേങ്ങില ഉപയോഗിക്കുന്നു. ചേങ്ങില മാത്രം ഉപയോഗിച്ച് പാണികൊട്ടുന്ന സമ്പ്രദായം ഗുരുവായൂര്‍ ക്ഷേത്രത്തിലൂണ്ട്. കഥകളിയില്‍ വലിപ്പമുള്ള ചേങ്ങിലയാണ് ഉപയോഗിക്കുന്നത്. കുരുതി പൂജ, കളമെഴുത്തുപാട്ട്, തീയാട്ട്, മുടിയേറ്റ് എന്നിവയിലും  ചേങ്ങില ഉപയോഗിക്കുന്നു.