പൊതുവേ പറഞ്ഞാല്‍ മലയാളത്തില്‍ ബാലസാഹിത്യചരിത്രത്തിന് ഏതാണ്ടൊരു നൂറുകൊല്ലത്തെ പഴക്കം കല്പിക്കാം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തെ തുടര്‍ന്ന് മലയാളസാഹിത്യത്തിലുണ്ടായ ഉണര്‍വിന്റെ ഭാഗമായി വേണം ഈ രംഗത്തുണ്ടായ ആദ്യകാല യത്നങ്ങളെ കണക്കാക്കാന്‍. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ് കേരളത്തില്‍ ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിതമായത്. പരമ്പരാഗത ഗുരുകുലസമ്പ്രദായത്തിന്റെ സ്ഥാനത്തു പുതിയൊരു വിദ്യാഭ്യാസസമ്പ്രദായം അതോടെ നിലവില്‍ വന്നു.
കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ യത്നങ്ങള്‍ സുസംഘടിതവും ആസൂത്രിതവുമായിരുന്നതുകൊണ്ട് അവയ്ക്കു വളരെ പെട്ടെന്ന് അന്യാദൃശമായ ജനസമ്മതി ലഭിച്ചു. സാഹിത്യസാമൂഹ്യരംഗങ്ങളില്‍ കേരളവര്‍മ്മയ്ക്കുണ്ടായിരുന്ന അദ്വിതീയസ്ഥാനവും അതിനൊരു കാരണമാണ്. എങ്കിലും ഒരു വസ്തുത നാം മറന്നുകൂടാ; കേരളവര്‍മ്മയ്ക്കു മുമ്പു തന്നെ ബാലസാഹിത്യകൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവ പരിമിതവൃത്തങ്ങളില്‍ വേണ്ടുവോളം പ്രചാരം നേടിയിട്ടുമുണ്ട്. ഉദാഹരണത്തിന് 'ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ കഥകള്‍' എന്ന പുസ്തകം തന്നെയെടുക്കാം. അതിന്റെ ഒരേയൊരു പ്രതിയേ ഇന്നവശേഷിച്ചിട്ടുള്ളൂ. ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ 1824ലാണ് അതിന്റെ പ്രസിദ്ധീകരണം എന്നു കാണുന്നു. ഇതിന്റെ പുതിയ പതിപ്പിന്റെ പരിമിതമായ പ്രതികള്‍ സാഹിത്യഅക്കാദമി അച്ചടിപ്പിച്ചിട്ടുണ്ട്.
പുനരാഖ്യാനങ്ങള്‍
ഇതിഹാസപുരാണങ്ങളില്‍ നിന്നും അതുപോലുള്ള ഇതരപ്രഭവസ്ഥാനങ്ങളില്‍ നിന്നും കഥകള്‍ തിരഞ്ഞെടുക്കുകയും അവ കുട്ടികള്‍ക്കു പറ്റും മട്ടില്‍ പുനരാവിഷ്കരിക്കുകയും ചെയ്യുന്ന രീതി എല്ലാ സാഹിത്യങ്ങളിലും പ്രചാരം നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മലയാളവും വ്യത്യസ്തമല്ല. 19-ാം നൂറ്റാണ്ടില്‍ തന്നെ അത്തരം കുറെ കൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. 1880-ല്‍ മദിരാശി ഗവണ്‍മെന്റിന്റെ പ്രസിദ്ധീകരണപരിപാടിയുടെ ഭാഗമായി തോബിയാസ് സക്കറിയാസ് 'സിന്‍ബാദിന്റെ കപ്പലോട്ടം' എന്ന കൃതി രചിച്ചു. ടി.സി. കല്യാണിയമ്മയുടെ 'ഈസോപ്പിന്റെ കഥകള്‍' (1897) ആണ് മറ്റൊരു ശ്രദ്ധേയമായ സംഭാവന. അതില്‍ 56 കഥകള്‍ സമാഹരിച്ചിട്ടുണ്ട്. 'ഐതിഹ്യമാല' കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി 1899-ല്‍ 'വിശ്വാമിത്രചരിതം' പ്രസിദ്ധപ്പെടുത്തി.
19-ാം നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ ബാലസാഹിത്യകൃതികള്‍ പൊതുവേ പറഞ്ഞാല്‍ എണ്ണത്തില്‍ കുറവാണ്. ഗുണത്തിലും അവ അത്രയൊന്നും മെച്ചപ്പെട്ടവയാണെന്ന് കരുതാന്‍ വയ്യ. വിദ്യാഭ്യാസത്തിന്റെ പ്രചാരം തുലോം പരിമിതമായതുകൊണ്ട് ആ പുസ്തകങ്ങള്‍ക്കു പ്രചാരവും കുറവായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ത്തന്നെ മലയാളത്തിലെ ബാലസാഹിത്യ പ്രസ്ഥാനത്തിന്റെ അടിക്കല്ലുകള്‍ വേണ്ടും വണ്ണം സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ഒരു മുപ്പതുകൊല്ലം കൊണ്ട് (1900 മുതല്‍ 1930 വരെ) ഏതൊണ്ടൊരു മുന്നൂറു കൃതികള്‍ ഉണ്ടായിക്കാണും. അടുത്തുള്ള രണ്ട് ദശകങ്ങളില്‍ (1930-1950) ഏതാണ്ടൊരു നാനൂറും. 1950-നും 1970-നും ഇടയ്ക്കു ബാല സാഹിത്യരചനയില്‍ അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായതായി കാണുന്നു. ആയിരത്തില്‍ കുറയാതെ കൃതികള്‍ ഇക്കാലത്തുണ്ടായിട്ടുണ്ട്.
1970ന് ശേഷം ബാലസാഹിത്യരംഗത്ത് വന്‍കുതിച്ചുചാട്ടമാണ് മലയാത്തില്‍ ഉണ്ടായിട്ടുള്ളത്. വിവിധ വിഷയങ്ങളെ അധികരിച്ചും പുനരാഖ്യാനമെന്ന നിലയിലും ലക്ഷക്കണക്കിന് കൃതികള്‍ മലയാളത്തില്‍ ഉണ്ടായി. ബാലമാസികകളുടെ കാര്യത്തിലും വന്‍കുതിച്ചുചാട്ടം ഉണ്ടായി. 'പൂമ്പാറ്റ', 'ബാലന്‍', 'ബാലരമ', 'ബാലഭൂമി' എന്നിങ്ങനെയുള്ളവ വന്‍ പ്രചാരം നേടി. മാലി, സുമംഗല, പ്രൊഫ.എസ്.ശിവദാസ്, കെ.വി.രാമനാഥന്‍ തുടങ്ങിയ ബാലസാഹിത്യകാരന്മാര്‍ വിലയേറിയ സംഭാവനകള്‍ ഈ ശാഖയ്ക്ക് നല്‍കി.