ശാസനങ്ങള്‍


ചിന്നമാന്നൂര്‍ ശാസനം

രവിവര്‍മ്മകുലശേഖരന്റെ (എ.ഡി. 890-917) കാലത്ത് ചേരന്മാര്‍ പാണ്ഡ്യരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന് തെളിവാണ് 10-ാം ശതകത്തിലെ ശാസനം. പാണ്ഡ്യരാജാവായ പരാന്തകവീരനാരായണന്റെ (എ.ഡി. 860-905) പത്നി ശ്രീവാനവന്‍ മഹാദേവി ആയിരുന്നുവെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. അവരുടെ പേരിനെ അനുസ്മരിക്കുന്ന ഒരു ഗ്രാമം 'ചേരന്‍ മഹാദേവി' ('ഷെര്‍മാ ദേവി' എന്നു നാട്ടുപേര്) എന്ന പേരില്‍ ഇന്നും തിരുനെല്‍വേലി ജില്ലയിലുണ്ട്.

പൊന്നി നദിയുടെ തീരത്തുള്ള വഞ്ചിയെക്കുറിച്ച് ശാസനത്തില്‍ പരാമര്‍ശമുണ്ട്. തിരുച്ചിറപ്പള്ളി ജില്ലയില്‍ പൊന്നി (അമരാവതി) നദീതീരത്തുള്ള കരൂര്‍ ആണ് വഞ്ചിയെന്ന് വാദിക്കാന്‍ ചിലരെ പ്രേരിപ്പിച്ചത് ഈ ശാസനമാകാം. വഞ്ചിയും (വഞ്ചിമുതൂര്‍) കരൂരും (കരവൂര്‍) ചേരതലസ്ഥാനമായിരുന്നതിനാല്‍ രണ്ടാം തലസ്ഥാനമായ കരവൂരിനെയും വഞ്ചിയെന്ന് വിശേഷിപ്പിച്ചതാകാം.