പഴയ മദ്രാസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുള്ള ചോള രാജാക്കന്മാരുടെ ശാസനങ്ങള്‍. കേരളത്തിനു നേര്‍ക്കുണ്ടായ ചോളാക്രമണങ്ങള്‍ക്ക് ഈ ശാസനങ്ങള്‍ തെളിവു നല്‍കുന്നു. ദക്ഷിണകേരളാക്രമണങ്ങളെക്കുറിച്ച് ചോളപുരം, കന്യാകുമാരി, ദര്‍ശനം കോപ്പ്, തിരുനന്തിക്കര, ശുചീന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ച ചോളശാസനങ്ങളിലുണ്ട്. തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത തിരല്ലൈസ്ഥാനംരേഖ ആദിത്യചോളന്റെയും സ്ഥാണുരവിയുടെയും പരസ്പരസൗഹൃദത്തെ സൂചിപ്പിക്കുന്നു. രാജേന്ദ്രചോളന്റെ (എ.ഡി. 1012-1044) തിരുവാലങ്ങാട്ട്ശാസനത്തില്‍ വിഴിഞ്ഞത്തിനു നേര്‍ക്കുണ്ടായ ചോളാക്രമണത്തെക്കുറിച്ച് പറയുന്നുണ്ട്. കുലോത്തുംഗചോളന്റെ കോട്ടാറ്റേക്കുള്ള പിന്മാറ്റത്തെക്കുറിക്കുന്നതാണ് ചോളപുരംരേഖ.