ചോഴികള്‍ എന്നാല്‍ ഭൂതഗുണങ്ങള്‍ എന്നാണര്‍ത്ഥം. മദ്ധ്യകേരളത്തില്‍ പ്രചാരത്തിലുള്ള വിനോദകലാരൂപമാണ് ചോഴിക്കളി. ചോഴിക്കെട്ട് എന്നും പറയും. ചോഴികള്‍ രണ്ടു വിധത്തിലുണ്ട് - കുടച്ചോഴിയും, തിരുവാതിരച്ചോഴിയും. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്.
ചോഴിക്കളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. സ്ത്രീകള്‍ക്കുമാത്രമായി പരമശിവന് പാര്‍വ്വതീദേവിക്ക് അനുഗ്രഹിച്ചു നല്കിയ ആഘോഷമാണ് ചോഴി എന്നാണ് ഒരു വിശ്വാസം. ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകള്‍കൊണ്ട് പ്രത്യേകിച്ചും വാഴയിലകൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിര്‍ന്നവര്‍ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും.
തിരുവാതിര ആഘോഷത്തിന്‍െറ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളില്‍ വെളുപ്പിനാണ് ചോഴികള്‍ ഇറങ്ങുന്നത്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ അര്‍ദ്ധരാത്രി മുതല്‍ കളി അവതരിപ്പിക്കാറുണ്ട്. ചോഴികള്‍ക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.
തിരുവാതിര നാളുകളിലും മററും വള്ളുവനാടന്‍ ഭവനങ്ങളില്‍ പുലര്കാലങ്ങളില് സംഗീതസാന്ദ്രമാക്കിയിരുന്ന ചോഴിക്കളി ഇന്ന് ഏതാണ്ട് അന്യം നിന്ന അവസ്ഥയിലാണ്.