ക്രൈസ്തവരുടെ ഉത്സവങ്ങള്‍ലോകത്തെവിടെയുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കൊപ്പം കേരളത്തിലെ ക്രിസ്ത്യാനികളും ക്രിസ്തുമസ്, ദു;ഖവെള്ളിയാഴ്ച, ഈസ്റ്റര്‍ എന്നീ വിശേഷ ദിനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കാറുണ്ട്. ഇവ കൂടാതെ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് അപ്പോസ്തലന്മാരായ സെന്റ് തോമസിന്റെയും സെന്റ് ഫ്രാന്‍സിസ് സേവിയര്‍ തുടങ്ങിയവരുടെയും തിരുനാളുകള്‍ വലിയ ആഘോഷങ്ങളാണ്. ഇതിനു പുറമെയാണ് പള്ളിപ്പെരുന്നാളുകള്‍. ഓരോ ഇടവകയ്ക്കും രക്ഷാധികാരിയായ പുണ്യാളന്മാരുണ്ടാവും. അവരുടെ പ്രതിഷ്ഠകള്‍ക്ക് പള്ളിയിലെ അള്‍ത്താരയോടു ചേര്‍ന്നാണ് സ്ഥാനം കല്പിക്കപ്പെട്ടിട്ടുള്ളത്. ആണ്ടിലൊരിക്കല്‍ കൊണ്ടാടുന്ന പള്ളിപ്പെരുന്നാളുകള്‍ അതാതു ദേശങ്ങളിലെ എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്ന മഹോത്സവങ്ങളായിത്തീരുകയാണ് പതിവ്.