ഫ്രെസ്കോ, മ്യൂറല്‍ എന്നിങ്ങനെ പാശ്ചാത്യ നാടുകളില്‍ അറിയപ്പെടുന്ന ഈ കല കേരളത്തില്‍ പൊതുവെ അറിയപ്പെടുന്നത് ചുവര് ചിത്രകല എന്ന പേരിലാണ്. കലാകാരന്മാര് അവയെയൊക്കെയും ആവിഷ്കരിച്ചിരിക്കുന്നത്, അവരുടെ മുന്നില്‍ ലഭ്യമായ സാഹിത്യ കൃതികളില്‍ അദൃശ്യരായി വര്‍ത്തിയ്ക്കുന്ന സാഹിത്യകാരന്മാരുടെ ഭാവനയും, തങ്ങളുടെ സ്വന്തം ഭാവനയും സവിശേഷമായി ഇടകലര്‍ത്തിക്കൊണ്ടാണ് . മിക്കവാറും എല്ലാ ചിത്രങ്ങളിലും മനുഷ്യരെയും ദൈവങ്ങളെയും സ്ഥൂലീകരിച്ചും ശൈലീകരിച്ചും ആണ് വരച്ചിരിക്കുന്നത്. എന്നാല്‍ ഈ ദൈവങ്ങളെയും മനുഷ്യരെയും ചുറ്റി നില്ക്കുന്ന പക്ഷി-പ്രാണി പ്രപഞ്ചത്തെയും വസ്തു പ്രപഞ്ചത്തെയും താരതമ്യേന സ്വാഭാവിക ശൈലിയില്‍ ആണ് വരച്ചിട്ടുള്ളത്. രസകരമെന്നു പറയട്ടെ, അഗ്നി, വായു, വെള്ളം തുടങ്ങി പ്രകൃതിയുടെ ശക്തി വിശേഷങ്ങളെ അടയാളപ്പെടുത്താന്‍ ഈ കലാകാരന്മാര് സവിശേഷമായ ഒരു ബിംബ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. ഇതിനര്‍ത്ഥം, ലബ്ധ പ്രതിഷ്ഠരായ കലാഗുരുക്കന്മാരുടെ കീഴില്‍ പല വിധ ചിത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഗില്‍ഡ് അഥവാ ചിത്രകാര സംഘങ്ങള്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ഇവര്‍ ചിത്ര സന്ദര്‍ഭവും വിഷയവും അവയുടെ വീക്ഷണ കോണും പൂര്‍ണ്ണതയും നഷ്ടപ്പെടാതെ തന്നെ തികച്ചും ശൈലീകരിക്കാന് മിടുക്കരായിരുന്നു. ഇവരുടെ വിജയം എന്നത്, ഏറ്റവും മിടുക്കരായ, സാഹിത്യ കലാബോധമുള്ള കാണിയ്ക്കു പോലും, ഈ ചിത്രങ്ങളില്‍ ഒരു അംശത്തില്‍ എങ്കിലും എന്തെങ്കിലും തരത്തില്‍ ഉള്ള അസന്തുലിതാവസ്ഥ ഉണ്ടെന്നു കണ്ടെത്താന്‍ കഴിയുമായിരുന്നില്ല എന്നതാണ്. ഈ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന രാജാക്കന്മാരെയും അവരുടെ ബന്ധുക്കളെയും കുറിച്ചു പറയുകയേ വേണ്ട കാരണം അവര്‍ക്ക് ഈ ചിത്രകാരന്മാരുടെ പ്രാഗത്ഭ്യത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. ഈ കലാകാരന്മാര് കളിമണ്‍, പേപ്പര്‍, സ്ലേറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ പരിശീലനം ചെയ്തിരുന്നോ എന്ന് നമുക്കറിയില്ല. എന്നാല്‍ ഈ ചിത്രങ്ങളുടെ പൂര്‍ണ്ണതയും സൌന്ദര്യവും, ഈ കലാകാരന്മാര് മറ്റു മാധ്യമങ്ങളിലും പരിശീലിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.