പരിണാമ ചരിത്രം

കേരളം ഒരു ആധുനിക സംസ്ഥാനം ആകുന്നതിനു മുന്‍പ് വിവിധ പ്രവിശ്യകളായും ചെറു രാജ്യങ്ങളുമായി തിരിഞ്ഞു ഇട പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കൈകളില്‍ പെട്ട് കിടക്കുകയായിരുന്നു. അനേകം നൂറ്റാണ്ടുകളായി ഈ രാജാക്കന്മാര്‍ തമ്മില്‍ പരസ്പരം പോരടിച്ചു വരികയായിരുന്നു. ഇത് പത്തൊമ്പതാം നൂറ്റാണ്ടു വരെ നീണ്ടു നിന്നു. രാജ്യാതിര്‍ത്തി വികസനവും സംരക്ഷണവും പ്രധാന പ്രശ്നങ്ങളായി കണ്ടിരുന്ന ഈ രാജാക്കന്മാര്ക്ക്, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനോ അവരുടെ കലാവസ്തുക്കള്‍ സംരക്ഷിക്കാനോ ഉള്ള മാനിസികാവസ്ഥ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. കലയെ ഇപ്പോഴും മതത്തിന്റെയും സാഹിത്യത്തിന്റെയും സൌന്ദര്യ ആരാധനയുടെയും ഭാഗമായി കണ്ടിരുന്നതിനാല്‍, ക്ഷേത്രങ്ങളും, പില്ക്കാലത്ത് ക്രിസ്ത്യന്‍ പള്ളികളും കലാരൂപങ്ങള്‍ക്കുള്ള അരങ്ങുകള്‍ ആയി മാറി. വാസ്തുവിനെ മനോഹരമാക്കുക എന്നത് മാത്രമല്ല, ആരാധകരായി ഈ ഇടങ്ങളില്‍ എത്തുന്ന മനുഷ്യര്‍ക്ക്‌ സദാചാര വിദ്യാഭ്യാസം നല്കുന്നതിനുള്ള ദൃശ്യ ബോധന മാധ്യമങ്ങള്‍ കൂടിയായി കലയെ കണ്ടിരുന്നു.

ശില്പങ്ങളുടെ കാര്യത്തിലും, കേരളത്തിലെ ആദ്യകാല ശില്പങ്ങള്‍ എല്ലാം തന്നെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വാസ്തു ശില്പങ്ങളിലാണ്, അവ സ്ഥിരമായിരുന്നാലും താത്കാലികമായിരുന്നാലും, കണ്ടുവരുന്നത്‌. വാസ്തുശില്പങ്ങളുടെ നിര്‍മ്മാണത്തിലും സാമൂഹികവും മതപരവുമായ ഉച്ചനീചത്വങ്ങള്‍ കണ്ടു വന്നിരുന്നു. ദൈവങ്ങള്‍ക്കും ദൈവങ്ങളുടെ പ്രതിനിധികള്‍ക്കും മാത്രമേ കല്ല്‌ കൊണ്ടുള്ള വീട് കെട്ടുവാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ. ക്ഷത്രിയര്‍ തടി കൊണ്ടുള്ള വീടുകളും, വൈശ്യരും ശൂദ്രരുമൊക്കെ ചെളി കൊണ്ടുള്ള വീടുകളും കൊണ്ട് തൃപ്തിപ്പെടണം എന്ന് കരുതിയിരുന്നു. അതിനാല്‍ സ്വാഭാവികമായും ശില്പങ്ങളെല്ലാം ക്ഷേത്രങ്ങളിലും ബ്രാഹ്മണ ഗൃഹങ്ങളിലും മാത്രമേ കണ്ടിരുന്നുള്ളൂ. ചിത്രങ്ങളുടെ കാര്യത്തിലാണെങ്കിലും ചിത്രങ്ങള്‍ എഴുതാനുള്ള ചുവരുകള്‍ ഈ വാസ്തുക്കളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ടവര്‍ പ്രാദേശികവും നാടോടി പരവുമായ ചിത്രങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ പ്രേരിതരായിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ താത്കാലികവും അനുഷ്ഠാനപരവും പ്രകടനപരവും ആയിരുന്നു. എന്നാല്‍ കല എല്ലാവര്‍ക്കും ചെയ്യാമെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്നും ഉള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ അനേകം നാളുകള്‍ നീണ്ട ഒരു വിപ്ലവം വേണ്ടി വന്നു. ആ വിപ്ലവത്തിന്റെ കാതല്‍ വിദ്യാഭ്യാസവും രാഷ്ട്രീയവും ആയിരുന്നു.

ക്ഷേത്രങ്ങളിലും പള്ളികളിലും കൊട്ടാരങ്ങളിലും ചിത്രമെഴുത്ത്‌ നടത്തിയിരുന്ന ആ ചുവര്‍ ചിത്രകാരന്മാരുടെ പരമ്പരകള്‍ ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. പരേതനായ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ നേതൃത്വത്തില്‍ ചുവര്‍ ചിത്രകലയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വകാര്യവും പൊതു മേഖലയിലുള്ളതുമായ സ്ഥാപനങ്ങളിലൂടെ നടത്തപ്പെട്ടിട്ടുണ്ട് എങ്കിലും, പണ്ട് കാലത്ത് പരമ്പരാഗതമായി ഈ കല ചെയ്തിരുന്നവര്‍, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികള്‍ വന്നതിനു ശേഷം സ്വന്തം കല തുടര്‍ന്നുവോ അതോ വിദേശികള്‍ മുന്നോട്ടു വെച്ച ചിത്രശൈലികള്‍ സ്വീകരിച്ചു പുതിയ വഴികളിലേയ്ക്ക് തിരിഞ്ഞുവോ എന്ന് ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു. മറ്റു ആചാര കലകളുടെയും അനുഷ്ഠാന കലകളുടെയും രംഗ കലകളുടെയും ഉദാഹരണം എടുക്കുകയും അതിന്റെ യുക്തി ഉപയോഗിച്ചു നോക്കുകയും ചെയ്യുകയാണെങ്കില്‍, കലകള്‍ പഠിക്കുവാന്‍ വന്നവരില്‍ ഏറെപ്പേരും കൃഷി കുടുംബങ്ങളില്‍ നിന്ന് വന്നവരാണെന്ന് മനസ്സിലാക്കാം. അവര്‍ കൃഷിപ്പണി കഴിയുന്ന ഇടവേളകളില്‍ ആണ് മറ്റു കലകള്‍ പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നത്. ഒരു പക്ഷെ, രാജകൊട്ടാരങ്ങളില്‍ നിന്നുള്ള സഹായം നിന്നതോടെ, ഈ ചിത്രകാരന്മാരും കൃഷിപ്പണിയിലേയ്ക്കും മറ്റും തിരിഞ്ഞിട്ടുണ്ടാകാം. അവര്‍ കൃഷിയിലെയ്ക്കും, പിന്നെ കരകൗശലപ്പണികളിലേയ്ക്കും പോയിട്ടുണ്ടാകാം. ബ്രിട്ടീഷുകാര്‍ ഇവിടെ ആധുനിക കലാവിദ്യാഭ്യാസം നടപ്പാക്കുന്നതിന് പിന്നില്‍, ഇവിടത്തെ കരകൗശലത്തെ പ്രോത്സാഹിപ്പിക്കണം എന്നൊരു ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കിലും, ആധുനികമായ അര്‍ത്ഥത്തില്‍ കലാകാരന്മാരും കലാകാരികളും ഉണ്ടായി വന്നത് കരകൗശലപ്പണിക്കാരുടെയും കൈത്തൊഴില്ക്കാരുടെയും ഇടയില്‍ നിന്നല്ല. മറിച്ച്, രാജകുമാരന്മാരും രാജകുമാരിമാരും ആണ് ആദ്യകാലത്ത് സ്വതന്ത്ര കലാകാരന്മാര്‍ ആയി മാറിയതെന്ന് രാജാ രവി വര്മ്മയുടെയും അക്കാലത്തുണ്ടായ രാജകീയ ചിത്രകാരന്മാരുടെയും ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒപ്പം മറ്റു കലാകാരന്മാര്‍ ക്രമേണ സ്വതന്ത്ര കലാകാരന്മാരായി രംഗത്ത് വന്നതിനു കാരണം കല കൊണ്ട് അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ അവര്‍ സ്വതന്ത്രരായി എന്നും തിരിച്ചറിയാം.