ബാലാരിഷ്ടതകളുടെ ദശകങ്ങള്‍ (1928-1950)കന്യാകുമാരിയിലെ അഗസ്തീശ്വരം സ്വദേശിയും ദന്തവൈദ്യനുമായ ജെ. സി. ഡാനിയേലാണ് മലയാളസിനിമയ്ക്ക് തുടക്കമിട്ടത്. തന്റെ സ്വത്ത് മുഴുവന്‍ വിറ്റു ഡാനിയേല്‍ നിര്‍മ്മിച്ച 'വിഗതകുമാരന്‍' 1928-ല്‍ പുറത്തുവന്നു. ധനാഢ്യനായ ഡാനിയേല്‍ ഒറ്റ സിനിമയോടെ തന്നെ പാപ്പരായി. പുതിയ കലാരൂപത്തെ പ്രോത്സാഹിപ്പിക്കാനോ കലാകാരനെ സഹായിക്കാനോ ആരും മുന്നോട്ടു വന്നില്ല. പരമദരിദ്രനായാണ് അദ്ദേഹം മരിച്ചത്. 1933-ലാണ് രണ്ടാമത്തെ ചിത്രമായ 'മാര്‍ത്തണ്ഡവര്‍മ്മ' പുറത്തുവന്നത്. 'വിഗതകുമാരനെ'പ്പോലെതന്നെ 'മാര്‍ത്താണ്ഡവര്‍മ്മ'യും നിശ്ശബ്ദസിനിമയായിരുന്നു. ഡാനിയേലിന്റെ ബന്ധുവായ ആര്‍. സുന്ദര്‍രാജ് ആയിരുന്നു 'മാര്‍ത്താണ്ഡവര്‍മ്മ' യുടെ നിര്‍മ്മാതാവ്. ഒരാഴ്ചയോളം നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം നടക്കുമ്പോള്‍ നോവലിന്റെ പ്രസാധകരായ കമലാലയം ബുക്സ്, പകര്‍പ്പവകാശത്തെച്ചൊല്ലി കേസ്സു കൊടുത്തു. വീറോടെ വാദിച്ചെങ്കിലും സുന്ദര്‍രാജ് കേസ്സു തോറ്റു. 'മാര്‍ത്താണ്ഡവര്‍മ്മ' പ്രദര്‍ശനം അവസാനിച്ചു.

സിനിമാമോഹികളായ ഒരു സംഘം യുവാക്കളുടെ കാര്‍മ്മികത്വത്തില്‍ മദ്രാസ് മലയാളി അസോസിയേഷന്‍, സേലം മോഡേണ്‍ തീയേറ്റേഴ്സാണ് ആദ്യ ശബ്ദചിത്രമായ 'ബാലന്‍' നിര്‍മ്മിച്ചത്. എസ്. നൊട്ടാണി എന്ന പാഴ്സിയായിരുന്നു സംവിധായകന്‍. 1938-ല്‍ പുറത്തു വന്ന ചിത്രം വന്‍ വിജയം നേടി.

ബാലന്റെ വിജയത്തെ തുടര്‍ന്ന് മോഡേണ്‍ തീയേറ്റേഴ്സ് പില്‍ക്കാലത്ത് നിരവധി സിനിമകള്‍ നിര്‍മ്മിച്ചു. ആദ്യകാലസിനിമാപ്രവര്‍ത്തകരെല്ലാം തന്നെ നാടകരംഗത്ത് നിന്ന് എത്തിയവരായിരുന്നു. 1940-ല്‍ ജ്ഞാനാംബിക, 1941-ല്‍ പ്രഹ്ലാദ എന്നിങ്ങനെ തുടര്‍ച്ചയായി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും പിന്നീട് കുറേക്കാലം സിനിമമേഖല നിശ്ചലമായിക്കിടന്നു. പ്രഹ്ലാദയിലൂടെയാണ് പില്‍ക്കാലത്ത് മലയാളസിനിമാ വ്യവസായത്തിലെ നെടുംതൂണായി മാറിയ സുബ്രഹ്മണ്യം ഈ രംഗത്ത് ചുവടു വച്ചത്. 1948-ല്‍ 'നിര്‍മ്മല' പുറത്തു വന്നു. പിന്നണി ഗാനം എന്ന സാങ്കേതിക വിദ്യ അവതരിച്ചത് നിര്‍മ്മലയിലൂടെയാണ്. 1949 -ല്‍ കുഞ്ചാക്കോയും കൂട്ടുകാരും ചേര്‍ന്ന് ആലപ്പുഴയില്‍ ഉദയാ സ്റ്റൂഡിയോ സ്ഥാപിച്ചു. ഇതോടെ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി.