പുതിയ ഭാവുകത്വകാലം (1970-1980)ലോകത്തിലെ മികച്ച സിനിമകള്‍ കാണാനും ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനും ഫിലിം ഇന്‍സ്റ്റിട്യൂട്ടുകളില്‍ പഠിക്കാനുമൊക്കെ അവസരം ലഭിച്ച ഒരു സംഘം യുവാക്കള്‍ മലയാളസിനിമയില്‍ സജീവമായ കാലഘട്ടമായിരുന്നു. അറുപതുകളുടെ രണ്ടാംപാതി. 1965ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചിത്രലേഖഫിലിം സൊസൈറ്റി രൂപം കൊണ്ടു. ക്രമേണ മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു വേദി എന്ന നിലയ്ക്ക് ഫിലിം സൊസൈറ്റികള്‍ കേരളത്തിലെ നഗരങ്ങളില്‍ വ്യാപിച്ചു. ഈ നവോന്മേഷത്തിന്റെ  പശ്ചാത്തലത്തിലാണ് എഴുപതുകളുടെ തുടക്കത്തില്‍ മലയാളസിനിമയ്ക്ക് ഒരു പുതിയ ഭാവുകത്വം തുറന്നത്. വാണിജ്യസിനിമ ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ശരാശരിയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രേഷകനെ തൃപ്തിപ്പെടുത്താന്‍ അതില്‍ ഒന്നുമുണ്ടായിരുന്നില്ല. ഈ ഒരു കുറവ് നികത്തിക്കൊണ്ട് എഴുപതുകളില്‍ നവസിനിമ രംഗത്തെത്തി. 1972 മലയാളിയെ ഞെട്ടിച്ചുകൊണ്ട് അടൂരിന്‍റെ സ്വയംവരം പുറത്തുവന്നു.  മുഖ്യധാരയില്‍നിന്ന് ഇത്രത്തോളം  അകന്നുനില്‍ക്കുന്ന ഒരു ചലച്ചിത്രം പ്രേക്ഷകന് ആദ്യ അനുഭവമായിരുന്നു. ദേശീയതലത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍,  മികച്ച നടി (ശാരദ) മികച്ച ഛായഗ്രഹകന്‍ (മങ്കടരവിവര്‍മ്മ) എന്നീ അവാര്‍ഡുകള്‍ സ്വയംവരം നേടി.

അതുപോലെ തിരക്കഥാരംഗത്ത് കൂടി പ്രതിഭ തെളിയിച്ച പ്രശസ്ത സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച നിര്‍മ്മാല്യം മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. നിര്‍മ്മാല്യത്തിലെ നായകന്‍ പി. ജെ. ആന്റണി മികച്ച നടനുള്ള ഭരത് അവാര്‍ഡ് ആദ്യമായി നേടുന്ന മലയാളി ആയി.

അടൂരിന്റെ രണ്ടാമത്തെ സിനിമയായ കൊടിയേറ്റം (1977) അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഭരത് ഗോപി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

എഴുപതുകളില്‍ രംഗത്തുവന്ന മറ്റൊരു പ്രമുഖനാണ് ജി. അരവിന്ദന്‍. അദ്ദേഹത്തിന്റെ ഉത്തരായണം (1974), കാഞ്ചനസീത (1977), തമ്പ് (1978), എസ്തപ്പാന്‍ (1979) എന്നീ സിനിമകള്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ പതിവു സമവാക്യങ്ങളെ അട്ടിമറിക്കുന്നവയായിരുന്നു അരവിന്ദന്റെ മിക്ക സിനിമകളും. ജോണ്‍ എബ്രഹാം, കെ.ജി. ജോര്‍ജ്ജ്, കെ. പി. കുമാരന്‍, പി.എന്‍. മേനോന്‍, പി.എ. ബക്കര്‍, പവിത്രന്‍ തുടങ്ങി നിരവധി പ്രതിഭാശാലികള്‍ക്കും എഴുപതുകള്‍ വളരാനുള്ള സാഹചര്യമൊരുക്കി. ഛായഗ്രാഹകരായ ഷാജി എന്‍. കരുണ്‍, മങ്കട രവിവര്‍മ്മ, ശബ്ദലേഖകന്‍ ദേവദാസ് തുടങ്ങിയ സാങ്കേതികവിദഗ്ധര്‍ തങ്ങളുടെ വരവറിയിച്ചതും എഴുപതുകളിലാണ്. സംഗീതസംവിധായകരായ ദക്ഷിണാമൂര്‍ത്തി, എം.എസ്. വിശ്വനാഥന്‍, പി.ബി. ശ്രീനിവാസ്, എം.ജി. രാധാകൃഷ്ണന്‍, ഗായകരായ യേശുദാസ്, ജയചന്ദ്രന്‍, ജാനകി, പി.സുശീല, മാധുരി, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ക്ക് കഴിവുതെളിയിക്കാന്‍ എഴുപതുകള്‍ അവസരമൊരുക്കി. ഗായത്രിയിലൂടെ (1973) അരങ്ങേറിയ സോമന്‍, നിര്‍മ്മാല്യത്തിലൂടെ അരങ്ങേറ്റം കുറിച്ച സുകുമാരന്‍ തുടങ്ങിയ നടന്മാരുടെ കാലം എഴുപതുകളില്‍ തുടങ്ങി. 

പില്‍ക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ച് കലാവാണിജ്യ വേര്‍തിരിവുകള്‍ മായ്ച്ച് കഴിഞ്ഞ് മലയാളിയെ മോഹിപ്പിക്കുന്ന വിധത്തില്‍ ചിത്രങ്ങളെടുത്ത പത്മരാജനും ഭരതനും സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചതും, പില്‍ക്കാലത്ത് വന്‍വിജയങ്ങള്‍ നേടിയ ഐ.വി.ശശി, ജോഷി, ഹരിഹരന്‍ തുടങ്ങിയ സംവിധായകര്‍ രംഗത്തുവന്നതും  ഈ കാലഘട്ടത്തിലാണ്.