ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് മലയാളസിനിമ. ലോകോത്തര സംവിധായകരും തിരക്കഥാകൃത്തുകളും സാങ്കേതികവിദഗ്ധരും അഭിനേതാക്കളും നമുക്കുണ്ട്. വര്‍ഷം ശരാശരി എഴുപതോളം ചലച്ചിത്രങ്ങള്‍ ഈ ചെറിയ ഭൂപ്രദേശത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാകുന്നുണ്ട്. നിരവധി അന്താരാഷ്ട്രചലച്ചിത്രമേളകളില്‍ മലയാളസിനിമ പേരെടുത്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍ എന്നിങ്ങനെ മലയാളസിനിമയെ ലോകസിനിമയോട് ചേര്‍ത്തുനിര്‍ത്തിയ നിരവധിചലച്ചിത്രകാരന്‍മാര്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്. ദേശീയചലച്ചിത്ര പുരസ്ക്കാര വേളയില്‍ ദശകങ്ങളായി മലയാളസിനിമ മുന്‍പന്തിയിലാണ്.
1928-ല്‍ ആദ്യ ചിത്രമായ 'വിഗതകുമാരന്‍' പുറത്തു വന്നതു മുതല്‍ ആദ്യകാലത്തെ ചില പ്രതിസന്ധികളൊഴിച്ചാല്‍, മലയാളസിനിമയ്ക്ക് വളര്‍ച്ചയുടെ കഥയേ പറയാനുള്ളൂ. വളര്‍ച്ചയുടെ ഈ ചരിത്രത്തിന് പലഘട്ടങ്ങളുണ്ട്.