സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിനു കീഴില്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പ്രോഗ്രാം

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിനു കീഴില്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പ്രോഗ്രാമിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ സ്മരണയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന എല്ലാ രേഖകളും കണ്ടെത്തി ശേഖരിക്കുവാന്‍ തീരുമാനമായി. ഈ പദ്ധതി മൂന്നു വിധത്തിലാണ് സാക്ഷാത്കരിക്കപ്പെടുക. ഒന്ന് രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുക. രണ്ട്, രേഖകളുടെ സംരക്ഷണം ഉറപ്പാക്കുക, മൂന്നാമതായി എല്ലാ രേഖകളു ഭാവിയില്‍ എളുപ്പത്തില്‍ റഫറന്‍സ് നടത്താനാകും വിധമുള്ള ഒരു രജിസ്ററര്‍ തയ്യാറാക്കുക.

ഗാന്ധിജിയുടെ കേരള സന്ദര്‍ശന വേളകളില്‍ അദ്ദേഹം, ശ്രീ നാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനങ്ങളെ അഭിസംബോധന ചെയ്യുകയും സ്കൂള്‍ കുട്ടികളുമായി സംവദിക്കുകയും, വൃക്ഷ തൈകള്‍ നടുകയും ഒക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. മഹാത്മാവ് അഞ്ചുതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിതര സംഘടനകളുടെ പക്കലും വ്യക്തികളുടെ പക്കലുമൊക്കെ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള പ്രധാന ചരിത്ര രേഖകള്‍ കണ്ടെത്തുവാനും സമാഹരിക്കുവാനും വകുപ്പു തീരുമാനിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന കൈയ്യെഴുത്തു പ്രതികള്‍ സര്‍ക്കാരിനു കൈമാറാന്‍ തയ്യാറുള്ളവരെയും സ്വാഗതം ചെയ്യുന്നുണ്ട്. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.