സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയുടെ നടത്തിപ്പിനും ഭരണനിര്‍വ്വഹണത്തിനും നിധിയില്‍ നിന്നും ധനസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്.
വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സിനിമാ, നാടക മേഖലകളെ പ്രതിനിധീകരിക്കുന്ന, രണ്ട് വനിതകളടക്കമുള്ള ആറ് അംഗങ്ങളും ഇലക്ട്രോണിക് മാധ്യമ മേഖലയെ പ്രതിനിധീകരിക്കുന്ന വനിതാ പ്രതിനിധി അടക്കമുള്ള രണ്ട് അംഗങ്ങളും, കല, സാഹിത്യം, സംഗീതം എന്നീ മേഖലകളെ പ്രതിനിധീകരിക്കുന്ന രണ്ട് വനിതകളടക്കമുള്ള നാല് അംഗങ്ങളും അടക്കം ഇരുപത്തിരണ്ട് പേര്‍ ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കും.
ഗവണ്‍മെന്റ്, സെക്രട്ടറി, സാംസ്കാരിക വകുപ്പ്, നിയമവകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരംഗം, ധനകാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരംഗം, സെക്രട്ടറി, ചലച്ചിത്ര അക്കാദമി, മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, സെക്രട്ടറി, കേരള നാടന്‍ കലാ അക്കാദമി, സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്നിവര്‍ ബോര്‍ഡിലെ എക്‌സ് - ഓഫീഷ്യോ ഡയറക്ടര്‍മാര്‍. ബോര്‍ഡിലെ ഡയറക്ടര്‍മാരില്‍ ഒരാളെ ചെയര്‍മാനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്.
സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടുകൂടി ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ആവശ്യമായ അധികാരങ്ങളും ചുമതലകളും ബോര്‍ഡിന്റെ ചെയര്‍മാനോ ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ ബോര്‍ഡിലെ മറ്റേതെങ്കിലുമൊരു ഓഫീസര്‍ക്കോ ഏല്‍പ്പിച്ചു കൊടുക്കാവുന്നതാണ്.
സാഹിത്യം, സംസ്കാരം, സംഗീതം, നാടകം, ചിത്രകല, നാടന്‍കല, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കലകള്‍, ചലച്ചിത്രം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും നിധിയുടെ സുഗമമായ നടത്തിപ്പിനുമായി ഒരു ചെയര്‍മാനും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന നാല് പ്രത്യേകം ഉപസമിതികള്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട മേഖലകളിലെ പദ്ധതികള്‍ക്കായുള്ള ശുപാര്‍ശകള്‍ ഉപസമിതികള്‍ സമര്‍പ്പിക്കുന്നതായിരിക്കും.
സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.