സംസ്കാരം

സാംസ്കാരികവൈവിധ്യത്തിന്റെ സ്വന്തം നാടാണു കേരളം.  വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് കേരളസംസ്കാരം.  പല നിറമുള്ള മുത്തുകള്‍ കോര്‍ത്തുകെട്ടിയ ഒരു മാലയോട്  അതിനെ  ഉപമിക്കാം.  മലയാളഭാഷയാണ് ആ മാലയുടെ നൂല്‍.  അറബിക്കടലിനും മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള  കുടിയേറ്റങ്ങളും കാര്‍ഷികസംസ്കൃതിയും ഭക്ഷണരീതിയും കലാ-സാഹിത്യ-ശാസ്ത്രപാരമ്പര്യങ്ങളും ചേര്‍ന്നാണ് കേരളത്തിന്‍റെ സാംസ്കാരികവൈവിധ്യം സൃഷ്ടിച്ചത്.

പൗരാണികകാലം തൊട്ട് കേരളം സവിശേഷമായ സാംസ്കാരികമേഖലയായി നിലനിന്നുവെങ്കിലും രാഷ്ട്രീയമായ ഏകരൂപമായിത്തീര്‍ന്നതു കേരളസംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെയാണ്. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രീട്ടീഷുഭരണത്തിനു കീഴിലുള്ള മദ്രാസ്പ്രസിഡന്‍സിയിലെ മലബാര്‍ജില്ലയുമായി വേര്‍തിരിഞ്ഞുകിടന്ന കേരളം 1956 നവംബര്‍ ഒന്നിന് ഒറ്റസംസ്ഥാനമായി മാറി. കിഴക്കും തെക്കും തമിഴ്നാടും വടക്കും വടക്കുകിഴക്കും കര്‍ണ്ണാടകവും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. അറബിക്കടലിലുള്ള കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപും പുതുച്ചേരിസംസ്ഥാനത്തിന്റെ കേരളത്തിനുള്ളില്‍ കിടക്കുന്ന എന്‍ക്ലൈവായ മയ്യഴി (Mahe)യും ഭാഷാപരമായും സാംസ്കാരികമായും കേരളസംസ്കാരത്തിന്‍റെ ഭാഗമാണ്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കേരളത്തിന്റെ  സാംസ്കാരികപൈത്യകം.  തനതായ കലകള്‍, ഭാഷ, സാഹിത്യം, വാസ്തുശില്പരീതി, സംഗീതം, ഉത്സവങ്ങള്‍,  ഭക്ഷണരീതി, പുരാവസ്തുസ്മാരകങ്ങള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളസംസ്കാരം.  ഇവയുടെ സംരക്ഷണത്തിനു വേണ്ടി ഒട്ടേറെ സാംസ്കാരികസ്ഥാപനങ്ങളും കേരളത്തിലുണ്ട്.  

പൗരാണികമായ ക്ലാസിക്കല്‍കലകളും നാടന്‍കലകളുംതൊട്ടു സിനിമ പോലുള്ള ആധുനികകലകള്‍ വരെ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ കലാരംഗം.  കേരളീയകലകളെ പലതരത്തില്‍ വിഭജിക്കാം.  ദൃശ്യകലകള്‍, ശ്രാവ്യകലകള്‍ എന്ന് പൊതുവായി തിരിക്കാവുന്ന അവയെ ശ്രേഷ്ഠകലകള്‍ (classical art forms), നാടന്‍കലകള്‍ (folk art forms)  എന്നിങ്ങനെയും വേര്‍തിരിക്കാം.  രംഗകലകള്‍ (theatrical art forms), ശില്പകല, ചിത്രകല, സിനിമ എന്നിവ ഉള്‍പ്പെടുന്ന വിഭാഗമാണ് ദൃശ്യകലകള്‍.  ക്ലാസിക്കലും ഫോക്കുമായ രൂപങ്ങള്‍ അവയിലുണ്ട്.  സംഗീതം, വാദ്യകല എന്നിവയാണു ശ്രാവ്യകലകളില്‍ ഉള്‍പ്പെടുന്നത്. നാടന്‍പാട്ട്, അനുഷ്ഠാനഗാനങ്ങള്‍, തിരുവാതിരപ്പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവ ഉള്‍പ്പെടുന്ന നാടോടിസംഗീതവും കര്‍ണ്ണാടകസംഗീതം, കഥകളിസംഗീതം. സോപാനസംഗീതം എന്നിവയടങ്ങുന്ന ക്ലാസിക്കല്‍സംഗീതവും ചേര്‍ന്നതാണ് കേരളത്തിന്റെ സംഗീതസംസ്കാരം. പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കേരളീയവാദ്യസംഗീതപാരമ്പര്യം. സവിശേഷമായ വാസ്തുവിദ്യാശൈലിയുണ്ട്  കേരളത്തിന്. ലാളിത്യത്തിനു പ്രാധാന്യം നല്‍കിയ ആ ശൈലിയുടെ മാത്യകകള്‍ ദേവാലയങ്ങളും പുരാതനഭവനങ്ങളുമാണ്. തച്ചുശാസ്ത്രപ്രകാരമാണ് അവ നിര്‍മ്മിച്ചിരുന്നത്. തന്ത്രസമുച്ചയം, ശില്പചന്ദ്രിക, മനുഷ്യാലയചന്ദ്രിക തുടങ്ങിയവ പ്രസിദ്ധവാസ്തുശില്പശാസ്ത്രഗ്രന്ഥങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ  ചലച്ചിത്രരംഗങ്ങളിലൊന്നാണ് മലയാളത്തിന്റേതു്.  ആഗോളപ്രശസ്തരായ ഒട്ടേറെ ചലച്ചിത്രകാരരെ കേരളം സംഭാവന ചെയ്തിട്ടുണ്ട്.  1906 - ല്‍ കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യചലച്ചിത്രപ്രദര്‍ശനം നടന്നത്.  സഞ്ചരിക്കുന്ന ചലച്ചിത്രപ്രദര്‍ശങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ സ്ഥിരം സിനിമാകൊട്ടകകള്‍ക്കു വഴിമാറി. തമിഴ്ചിത്രങ്ങളായിരുന്നു ആദ്യകാലത്തു പ്രദര്‍ശിപ്പിച്ചിരുന്നത്.  മലയാളസിനിമയുടെ പിതാവ് എന്ന വിശേഷണം അര്‍ഹിക്കുന്ന ജെ.സി. ഡാനിയലിന്റെ നിശ്ശബ്ദചിത്രമായ വിഗതകുമാരന്‍ (1928) ആണ് ആദ്യത്തെ മലയാളസിനിമ. 1933-ല്‍ രണ്ടാമത്തെ ചിത്രമായ  മാര്‍ത്താണ്ഡവര്‍മ്മയും പ്രദര്‍ശനത്തിനെത്തി. ബാലന്‍ (1938) ആയിരുന്നു ആദ്യത്തെ ശബ്ദിക്കുന്ന സിനിമ. 1948- ല്‍ ആദ്യത്തെ സിനിമാസ്റ്റുഡിയോ ആയ 'ഉദയാ' ആലപ്പുഴയില്‍ സ്ഥാപിതമായി.

അരിയാണ് കേരളീയരുടെ പ്രധാനഭക്ഷ്യവസ്തു. പച്ചക്കറികള്‍, മീന്‍, മാംസം, മുട്ട എന്നിവകൊണ്ടു തയ്യാറാക്കുന്ന കറികള്‍ അരി വേവിച്ചുണ്ടാക്കുന്ന ചോറിനൊപ്പം കഴിക്കുന്നതാണ് കേരളീയരുടെ പൊതുവായ ഭക്ഷണരീതി.  അരി ഉപയോഗിച്ചു മറ്റു പലരതരം വിഭവങ്ങളും ഉണ്ടാക്കുന്നു. തനതായ കേരളീയഭക്ഷണം എന്നതിനെക്കാള്‍  ബഹുസാംസ്കാരികമായ (multi cultural) ഭക്ഷണസംസ്കാരമാണ് ഇന്നു കേരളത്തിനുള്ളത്.  അരിയും തേങ്ങയുമാണു  കേരളീയഭക്ഷണത്തിന്റെ അടിസ്ഥാനങ്ങള്‍.  

കേരളീയജീവിതത്തിന്റെ പ്രസരിപ്പു മുഴുവന്‍ പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട മതപരമായ ഉത്സവങ്ങളും സാമൂഹികമായ മതനിരപേക്ഷ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. തനതായ കായികസംസ്കാരവും നാടന്‍കളികളും കേരളത്തിനുണ്ട്.  കേരളം വികസിപ്പിച്ചെടുത്ത ആയോധനകലയാണു കളരിപ്പയറ്റ്.  വൈവിധ്യാത്മകമായ സാംസ്കാരികപൈത്യകവും ഉയര്‍ന്ന സാമൂഹികസൂചകങ്ങളുമാണു കേരളത്തിന്റെ സവിശേഷത  ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കും ലിംഗസമത്വവും ഏറ്റവും കുറഞ്ഞ മാതൃ-ശിശു മരണനിരക്കുമുള്ള കേരളം ആരോഗ്യനിലവാരം, സാര്‍വത്രികവിദ്യാഭ്യാസം, പൊതുവിതരണസമ്പ്രദായം, സാമൂഹികനീതി. ക്രമസമാധാനം, പത്രമാധ്യമങ്ങളുടെ സ്വാധീനത എന്നിവയിലും മുന്നിലാണ്.  വികസനരംഗത്ത് ആഗോളപ്രശംസ നേടിയ  'കേരളമാതൃക'യ്ക്ക് അടിസ്ഥാനവും ഈ സവിശേഷതകള്‍ തന്നെ.