കല്പിത സര്‍വകലാശാല

കലാമണ്ഡലത്തിന് സര്‍വകലാശാല പദവി എന്ന സ്വപ്നം മഹാകവിയ്ക്കു പണ്ടേയുണ്ടായിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥടാഗോറുമായുണ്ടായ അടുപ്പം വള്ളത്തോളിന്റെ ആഗ്രഹത്തിന് കൂടുതല്‍ വ്യാപ്തി നല്കി. എന്നാല്‍ പല കാരണങ്ങളാലും ഈ സ്വപ്നം മഹാകവിയുടെ ജീവിതകാലത്തോ പിന്നീടുള്ള പതിറ്റാണ്ടുകളിലോ സാധിതമായില്ല. സാമ്പ്രദായിക രീതിയിലുള്ള സര്‍വകലാശാലയാണോ സാംസ്കാരിക സര്‍വകലാശാലയാണോ അഭികാമ്യം എന്ന നിലയില്‍ നീണ്ടു നീണ്ടു പോയ ചര്‍ച്ചകള്‍ക്കൊടുവില്‍ "കല്പിത സര്‍വകലാശാല" എന്ന ആശയം പ്രബലമായി. 2006-ല്‍ ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാവുകയും 2007-ല്‍ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയായി പ്രഖ്യാപിക്കുകയും ചെയ്തു.

കല്പിത സര്‍വകലാശാലയായതോടെ ബിരുദാനന്തബിരുദ കോഴ്സുകളും എം.ഫില്‍ കോഴ്സുകളും ഗവേഷണ കോഴ്സുകളും കലാമണ്ഡലത്തില്‍ ആരംഭിച്ചു. കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ ബിരുദതലത്തിലുള്ള എല്ലാ വിഷയങ്ങള്‍ക്കും ബിരുദാനന്തരബിരുദ കോഴ്സ് നിലവിലുണ്ട്.

അക്കാദമിക് പഠനം
1992 വരെ കേരള കലാമണ്ഡലത്തില്‍ വിവിധ കലാവിഷയങ്ങളിലായി ഡിപ്ലോമ-പോസ്റ്റ് ഡിപ്ലോമ കോഴ്സുകളാണ് നിലവിലുണ്ടായിരുന്നത്. 1990-ല്‍ കേരള സര്‍ക്കാര്‍ കലാമണ്ഡലത്തില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുന്നതിന് ഉത്തരവായി. തുടര്‍ന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും പ്ലസ്ടുവും ഡിഗ്രി കോഴ്സും നിലവില്‍ വന്നു. കല്പിത സര്‍വകലാശാലയായി മാറിയതിനുശേഷം ബിരുദാനന്തരബിരുദ കോഴ്സുകളും കലാമണ്ഡലത്തില്‍ ഏര്‍പ്പെടുത്തി. 14 കലാവിഷയങ്ങളിലാണ് ബിരുദബിരുദാനന്തര കോഴ്സുകള്‍ കലാമണ്ഡലത്തില്‍ നടത്തിവരുന്നത്. വിവിധ കലാവിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ആചാര്യന്മാര്‍ വിദഗ്ധാംഗങ്ങളായുള്ള അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസുമാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കലാവൈജ്ഞാനിക രംഗത്തെ പണ്ഡിതരും പ്രശസ്തരായ ആചാര്യന്മാരും കലാമണ്ഡലത്തില്‍ ഗസ്റ്റ് അദ്ധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ട്. കലാമണ്ഡലത്തിലെ കലാദ്ധ്യാപകര്‍ക്കുവേണ്ടി റിഫ്രഷര്‍ കോഴ്സുകള്‍ നടത്തിവരുന്നു.