രേഖകളിലെ വൈവിധ്യം

രേഖകളാണ് ഏതൊരു ആര്‍ക്കൈവ്സിന്റെയും സമ്പത്ത്. എന്നാല്‍ രേഖകളുടെ വൈവിധ്യം കൊണ്ടു സംസ്ഥാനപുരാരേഖാവകുപ്പു സമ്പന്നമാണ്. ഈ വൈവിധ്യം  രേഖകള്‍ ആലേഖനം ചെയ്തിട്ടുള്ള മാധ്യമങ്ങള്‍, രേഖകളുടെ എണ്ണം, രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, എന്നിവയിലെല്ലാം തന്നെ സംസ്ഥാനപുരാരേഖാവകുപ്പിനെ സമ്പന്നമാക്കുന്നു. ചെമ്പില്‍ തീര്‍ത്ത ചേപ്പേടുകള്‍, മുളയില്‍ കോറി എഴുതപ്പെട്ട് മുളക്കരണങ്ങള്‍, പനയോലകളുടെ ഇരുവശത്തും എഴുത്താണി മുഖേന എഴുതപ്പെട്ട് ചുരുട്ടിക്കെട്ടി ചുരുളുകളായി സൂക്ഷിച്ചിരിക്കുന്ന താളിയോലരേഖകള്‍, ഒറ്റയോലകള്‍, കടലാസുരേഖകള്‍, രജിസ്റ്ററുകള്‍, മൈക്രോഫിലിം രേഖകള്‍, ആധുനിക സിഡികള്‍ എന്നിങ്ങനെ മിക്കവാറും എല്ലാ മാധ്യമത്തിലും എഴുതപ്പെട്ട രേഖകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, ലിപി എന്നിവയിവും സംസ്ഥാന പുരാരേഖാ വകുപ്പ് വ്യത്യസ്തത പുലര്‍ത്തുന്നു. ഡച്ച്, ഇംഗ്ലീഷ് എന്നിങ്ങനെയുള്ള വിദേശഭാഷകളിലും സംസ്കൃതം, തമിഴ്, മലയാളം, കന്നഡ എന്നീ പ്രാദേശികഭാഷകളിലും ഇടകലര്‍ന്നുള്ള ഭാഷകളിലും രേഖകള്‍ ലഭ്യമാണ്. പ്രാചീനലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്, ബ്രാഹ്മി എന്നിവ യഥേഷ്ടം ഉപയോഗിച്ചിരിക്കുന്ന രേഖകളും സുലഭമാണ്.

ഏകദേശം 6 നൂറ്റാണ്ടുകള്‍ എന്ന വിസ്തൃതമായ കാലഘട്ടത്തില്‍ പരന്നു കിടക്കുന്ന രേഖകള്‍ ഈ നൂറ്റാണ്ടിലുള്ള ചരിത്രം കുറിക്കുന്നതില്‍ സമ്പുഷ്ടമായ പങ്കു വഹിച്ചു വരുന്നു.