1960-1970 കാലഘട്ടം

നാടകചരിത്രത്തെ സംബന്ധിച്ചിടത്തോളം 1960-70 കാലഘട്ടം വാണിജ്യ നാടകങ്ങളുടേതായിരുന്നു. കെ. പി. ഏ. സി. , കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരത്തെ കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി, കോട്ടയത്തെ കേരള തിയേറ്റേഴ്‌സ്, പി. ജെ. ആന്റണിയുടെ നാടകവേദി തുടങ്ങിയവ മലയാളികളുടെയാകമാനം പ്രശംസ പിടിച്ചു പറ്റിയ കാലമായിരുന്നു അത്.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയത്തില്‍ ആദ്യത്തേതായ 'കാഞ്ചന സീത' 1965 -ലാണ് അവതരിപ്പിച്ചത്. കെ. പി. ഏ. സി.യ്ക്കു വേണ്ടി തോപ്പില്‍ ഭാസി എഴുതിയ നാടകങ്ങളായ 'അശ്വമേധം', 'ശരശയ്യ', 'യുദ്ധകാണ്ഡം', 'കൂട്ടുകുടുംബം', 'തുലാഭാരം' എന്നിവ വളരെ പ്രശസ്തങ്ങളാണ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 'ഡോക്ടര്‍', പി. ജെ. ആന്റണിയുടെ 'കടലിരമ്പുന്നു', കാലടി ഗോപിയുടെ 'ഏഴുരാത്രികള്‍', കലാനിലയത്തിനു വേണ്ടി ജഗതി എന്‍. കെ. ആചാരി എഴുതിയ 'കായംകുളം കൊച്ചുണ്ണി', 'ഇളയിടത്തു റാണി', 'ഉമ്മിണിത്തങ്ക', 'താജ്മഹല്‍' എന്നിവയും പ്രശസ്തമായ നാടകങ്ങളാണ്. പൊന്‍കുന്നം വര്‍ക്കി, എസ്.എല്‍.പുരം സദാനന്ദന്‍ എന്നിവരെക്കൂടാതെ വേറെ അനേകം പേരും വാണിജ്യ നാടകവേദിയിലെ പ്രമുഖരായിരുന്നു.

'ആത്മബലി', 'പ്രേതലോകം', 'മരണനൃത്തം', 'ക്രോസ് ബല്‍റ്റ്', 'ഞാന്‍ സ്വര്‍ഗ്ഗത്തില്‍', 'കാപാലിക', 'വിഷമവൃത്തം', തുടങ്ങി അനേകം നാടകങ്ങള്‍ രചിച്ച് രംഗത്ത് അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ വലിയ അളവില്‍ നേടിയ നാടകകൃത്താണ് എന്‍.എന്‍.പിള്ള.

അമ്പതുകള്‍ മുതല്‍ക്കേ എഴുതിത്തുടങ്ങിയ സി. എല്‍ ജോസിന്റെ നാടകങ്ങള്‍ അമേച്വര്‍ നാടക വേദിയില്‍ ശ്രദ്ധപിടിച്ചു പറ്റിയവയായിരുന്നു. പി. ആര്‍. ചന്ദ്രന്‍, പറവൂര്‍ ജോര്‍ജ്ജ്, കടവൂര്‍ ചന്ദ്രന്‍ പിള്ള തുടങ്ങിയവരുടെ നാടകങ്ങളും ജനശ്രദ്ധ നേടിയിരുന്നു.