മലയാള നാടകസാഹിത്യം

19-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോടെ മലയാള നാടകവേദി സജീവമായിക്കഴിഞ്ഞിരുന്നു. മണിപ്രവാളശാകുന്തളം എന്നറിയപ്പെട്ട കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തള വിവര്‍ത്തനമായിരുന്നു മലയാളത്തില്‍ (1882) ആദ്യമുണ്ടായ നാടകകൃതി. സ്വതന്ത്രനാടകങ്ങളും, സംസ്കൃതനാടക തര്‍ജ്ജമകളും മറ്റും തുടര്‍ന്നുണ്ടായി. തമിഴ് നാടകസംഘങ്ങള്‍ വേദികളിലെത്തിയതിനും ഈ കാലഘട്ടം സാക്ഷിയായി. 1884-ല്‍ രചിക്കപ്പെട്ട സി. വി. രാമന്‍പിള്ളയുടെ 'ചന്ദ്രമുഖീവിലാസം' പാശ്ചാത്യനാടക സ്വാധീനതയോടെ ആവിര്‍ഭവിച്ച ഒരു പ്രഹസനമായിരുന്നു. കുറുപ്പില്ലാക്കളരി, ഡോക്ടര്‍ക്കു കിട്ടിയ മിച്ചം തുടങ്ങി അനവധി പ്രഹസനങ്ങള്‍ സി. വി. യുടെ തൂലികയില്‍ നിന്നു തുടര്‍ന്നുണ്ടായി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീനാടകം (1889), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ലക്ഷണാസംഗം (1891), ഗംഗാവതരണം (1892), ചന്ദ്രിക (1892), ഉമാവിവാഹം (1893), നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഭഗവത് ദൂത് (1892), ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ കവിസഭാരഞ്ജനം (1892), വയസ്കര മൂസിന്റെ മനോരമാവിജയം (1893), കെ. സി. കേശവപിള്ളയുടെ ലക്ഷ്മീ കല്യാണം (1893), കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ ഇബ്രായക്കുട്ടി തുടങ്ങി അനേകം മലയാള നാടകങ്ങള്‍ അക്കാലത്തുണ്ടായവയാണ്.

മുന്‍ഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരം (1893), ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ദുസ്പര്‍ശ നാടകം (1900) എന്നീ നാടകങ്ങള്‍ അക്കാലത്ത് തമിഴ് സംഗീത നാടകങ്ങളുടെ സ്വാധീനത്തില്‍പ്പെട്ടുണ്ടായ ഗുണനിലവാരം താണകൃതികളെ പരിഹസിച്ചു രചിച്ചവയാണ്.

നാടകസാഹിത്യമേഖലയില്‍ ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നത് ഇ. വി. കൃഷ്ണപിള്ളയുടെ രചനയിലൂടെയാണ്. അതുവരെയുണ്ടായിരുന്ന പ്രവണതകളില്‍ നിന്നു വ്യത്യസ്തമായി, ഇ.വി.യുടെ കൃതികളില്‍ ഹാസ്യം മിക്കവാറും ഇതിവൃത്തവുമായി ദൃഢബന്ധം പുലര്‍ത്തുന്നവയായിരുന്നു. പെണ്ണരശുനാട്, കവിതക്കേസ് എന്നിവ ദൃഷ്ടാന്തങ്ങള്‍. ഇ. വി. യുടെ കഥാപാത്രങ്ങള്‍ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്തതുപോലുള്ള തോന്നല്‍ ജനിപ്പിക്കാന്‍ പോന്നവയായിരുന്നു. സീതാലക്ഷ്മി (1926), രാജാകേശവദാസ് (1929), പ്രണയക്കമ്മീഷന്‍ (1932), വിസ്മൃതി (1933), മായാമാനുഷന്‍ (1934), ഇരവിക്കുട്ടിപ്പിള്ള (1934) തുടങ്ങിയവയാണ് മറ്റു കൃതികള്‍.

1930-കള്‍ മുതല്‍ 1950-കള്‍ വരെ അനേകം ശ്രദ്ധേയരായ നാടകകൃത്തുക്കള്‍ രംഗപ്രവേശം ചെയ്തിരുന്നു. ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍. കെ. ആചാരി, എന്‍. പി. ചെല്ലപ്പന്‍ നായര്‍, ചേലനാട്ട് അച്യുതമേനോന്‍, തിക്കോടിയന്‍, അപ്പന്‍ തമ്പുരാന്‍, എം. പി. ശിവദാസമേനോന്‍, കൈനിക്കര പത്മനാഭപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കൈനിക്കര കുമാരപിള്ള, ഇ. എം. കോവൂര്‍, വി. കൃഷ്ണന്‍ തമ്പി, കെ. പത്മനാഭന്‍ നായര്‍, മൂര്‍ക്കോത്തു കുമാരന്‍, എന്‍. വി. കൃഷ്ണ വാരിയര്‍ തുടങ്ങിയവര്‍ മേല്‍പറഞ്ഞ കാലഘട്ടം നിറഞ്ഞു നിന്നവരാണ്.