ബ്രാഹ്മിലിപിക്ക് ഉണ്ടായ ഒട്ടേറെ പ്രാദേശികഭേദങ്ങളില്‍ ദക്ഷിണ ഡക്കാണിലും ദക്ഷിണേന്ത്യയുടെ വടക്കും ഉണ്ടായ രൂപങ്ങളില്‍ നിന്നാണ് ആധുനിക ദ്രാവിഡഭാഷാലിപികള് ഉരുത്തിരിഞ്ഞത്. എ. ഡി. ഏഴാം നൂറ്റാണ്ടില്‍ തെലുഗുവിന്റെയും കന്നടയുടെയും പൊതു മുന്നോടിയായി ഒരു ലിപി ഉദ്ഭവിച്ചു. ആദി പല്ലവരും കദംബരും ചാലൂക്യരും അവരുടെ ലിഖിതങ്ങളില്‍ ഈ ലിപി ഉപയോഗിച്ചിരുന്നു. ഈ ലിപി നിരന്തരം പരിണാമവിധേയമായി. എ. ഡി. 11-ാം നൂറ്റാണ്ടു മുതല്‍ അവ സ്വതന്ത്രമായ തെലുഗു, കന്നഡ ലിപികളായി വേര്‍തിരിയാന്‍ തുടങ്ങി.
എ. ഡി. ഏഴാം നൂറ്റാണ്ടു മുതല്‍ തമിഴ് ഭാഷയും പ്രത്യേക ലിപിയാല്‍ എഴുതാന്‍ തുടങ്ങി. പല്ലവരാജാക്കന്മാരുടെ കാലമായിരുന്നു ഇത്. എന്നാല്‍ സംസ്കൃതം എഴുതാന്‍ തമിഴ് ലിപിയില്‍ നിന്നു വ്യത്യസ്തമായ ഗ്രന്ഥലിപിയാണ് പല്ലവര്‍ ഉപയോഗിച്ചിരുന്നത്. തമിഴ്നാട്ടിലെ ചില ഗുഹകളില്‍ കണ്ടെത്തിയതും ബി. സി. രണ്ടാം നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടതുമായ ലിപി (തമിഴ് ഗുഹാ ബ്രാഹ്മി) കളില്‍ നിന്നാണ് തമിഴ് ലിപികള്‍ വികസിച്ചു വന്നത്. ഈ ഗുഹാലിപിക്ക് 'തെക്കന്‍ ബ്രാഹ്മി', 'ദ്രാവിഡ ലിപി' എന്നീ പേരുകളുമുണ്ട്. പല്ലവര്ക്കുശേഷം ചോളരും പാണ്ഡ്യരും തമിഴ് ലിപികള്‍ ഉപയോഗിച്ചു. ക്രമാനുഗതമായ വളര്‍ച്ച ഇതുമൂലം തമിഴ് ലിപിക്ക് ഉണ്ടായി.
മലയാള ഭാഷയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പ്രാചീനശാസനങ്ങളായ വാഴപ്പള്ളി ശാസനവും (എ. ഡി. 821) സ്ഥാണുരവിയുടെ രണ്ടു ചെമ്പുപട്ടയങ്ങളും (എ.ഡി. 849) വട്ടെഴുത്ത് ലിപിയിലാണ് എഴുതിയിട്ടുള്ളത്. മലയാളത്തിന്റെ ആദിമലിപിയായിരുന്നു വട്ടെഴുത്ത്. തമിഴിലും വട്ടെഴുത്ത് ഉണ്ടായിരുന്നു. തെക്കന്‍ ബ്രാഹ്മിലിപിയാണ് വട്ടെഴുത്തായും പിന്നീട് തമിഴ് ലിപിയായും മാറിയത്. മലയാളം പില്ക്കാലത്ത് കോലെഴുത്ത് എന്ന ലിപി ഉപയോഗിച്ചും എഴുതിയിരുന്നു. വട്ടെഴുത്തുലിപികൊണ്ട് തമിഴ് എഴുതാനേ കഴിയുമായിരുന്നുള്ളൂ. “അതിഖരമൃദുഘോഷങ്ങളുടെ അഭാവത്താല്‍ സംസ്കൃതപദങ്ങള്‍ എഴുതുന്നതിനോ സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്തുന്നതിനോ വട്ടെഴുത്തില്‍ സാധിക്കാതെ വന്നപ്പോള്‍ വട്ടെഴുത്ത് നിലനിന്നിടത്തൊക്കെ സമകാലികമായി രൂപപ്പെട്ടതാണ് ഗ്രന്ഥാക്ഷരം (ഗ്രന്ഥലിപി). സംസ്കൃത ഗ്രന്ഥമെഴുതാനുണ്ടായ ഈ ഗ്രന്ഥലിപിക്കും മൂലം ബ്രാഹ്മി തന്നെ. തമിഴിനെ അപേക്ഷിച്ച് മലയാളത്തില്‍ സംസ്കൃതപദങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ മലയാളത്തിന് ആര്യഎഴുത്ത് എന്നുകൂടി പേരുള്ള ഗ്രന്ഥലിപി സ്വീകാര്യമായി വന്നു. ഈ ഗ്രന്ഥലിപിയുടെ പരിഷ്കൃത രൂപമാണ് ഇന്നത്തെ മലയാള ലിപി, തമിഴ് ലിപി വട്ടെഴുത്തിന്റെയും”. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി എന്നിവയ്ക്കു പുറമേ 'മലയാണ്മ' എന്നൊരു ലിപി കൂടി ഉണ്ടായിരുന്നുവെന്ന് എല്‍. എ. രവിവര്‍മ അഭിപ്രായപ്പെട്ടിട്ടുണ്ട്.