ദഫ് മുട്ട്

മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് ദഫ്മുട്ടുകളി. ദപ്പ് റാത്തിബ് എന്നും ദപ്പ് കവാത്ത് എന്നും ഇതിന് പേരുണ്ട്. ദഫ് അഥവാ ദപ്പ് ഒരു വാദ്യോപകരണമാണ്. ഏകദേശം രണ്ടടി വ്യാസത്തില്‍ മരം വട്ടത്തില്‍ കുഴിച്ച് ഒരു ഭാഗം കാളത്തോല്‍ കൊണ്ട് വരിഞ്ഞാണ് ഇതുണ്ടാക്കുന്നത്. ഇതിനു ദഫ്, ദപ്പു, തപ്പിട്ട എന്നീ പേരുകളുണ്ട്. ദഫ് മുട്ടിക്കൊണ്ട് പാട്ടുപാടിയാണ് കളിക്കുന്നത്.  

വൃത്തത്തില്‍ നിന്നു കൊണ്ടാണ് കളിക്കുന്നത്. പ്രാര്‍ത്ഥനയോടു കൂടിയാണ് കളി ആരംഭിക്കുന്നത്. സംഘത്തലവന്‍ പാടിയ പാട്ട് മറ്റു കളിക്കാര്‍ ചുവടുവെച്ചു കൊണ്ട് ഏറ്റുപാടുന്നു.

ഇരുന്നും നിന്നും ചാഞ്ഞും ചെരിഞ്ഞും ചുറ്റിയും ഉള്ള ശരീര ചലനങ്ങള്‍ കളിയുടെ ഭാഗമാണ്. നിരവധി ഇനം കളികള്‍ ഇതിനുണ്ട്. മാലോന്റെ ചൊറ, വമ്പുറ്റന്റെ ചൊറ, മാലച്ചൊട്ട്, സലാത്തുള്ള സലാമുള്ളക്കളി, മുത്തിനബി മകള്‍ ഉത്താനെ എന്നിവ അവയില്‍ ചിലതാണ്. ആദ്യകാലങ്ങളില്‍ അറബി ഭാഷയിലുള്ള പാട്ടുകളാണ്  ദഫ് കളിക്കു പാടിയിരുന്നത്. പിന്നീടാണ് ഇന്നു കാണുന്ന രീതിയിലുള്ള പാട്ടുകള്‍ക്കു പ്രചാരം ലഭിച്ചത്. അറേബ്യയില്‍ നിന്നാണു ദഫ് കളി കേരളത്തിലെത്തിയത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പും ദഫ് പ്രചാരത്തിലുണ്ടായിരുന്നുവത്രെ.  നബിയുടെ ആശീര്‍വാദത്തോടെയാണ് ദഫ്കളിക്കു പിന്നീട് പ്രചാരം ലഭിച്ചത്.

മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ദഫ്മുട്ടുകളിയാണ് ദപ്പ് റാത്തീബ്.  മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥനയായി ദപ്പ് റാത്തിബ് നടത്താറുണ്ട്. കുത്ത് റാത്തിബ് എന്നും ഇതിനു പേരുണ്ട്. 

അനുഷ്ഠാനമെന്നതിനു പുറമെ ഒരു സാമൂഹ്യവിനോദമായും  ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്. മുന്‍പു കാലങ്ങളില്‍ ആണുങ്ങള്‍ മാത്രമായിരുന്നു ദഫ്മുട്ടുകളി  അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചില നിയന്ത്രണങ്ങളോടെ സ്ത്രീകളുടെ സംഘങ്ങളും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്.