ഡച്ച് കൊട്ടാരംഡച്ച് കൊട്ടാരം എന്നാണു പേര്‌ എങ്കിലും ഈ കൊട്ടാരം നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് കാരായിരുന്നു. പിന്നീട് കൊട്ടാരത്തിന്റെ മിനുക്കു പണികള്‍ മാത്രമാണ് ഡച്ചുകാര്‍ ചെയ്തത്. 16ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊച്ചിയിലെ പല ക്ഷേത്രങ്ങളും കൊള്ളയടിച്ച പോര്‍ച്ചുഗീസുകാര്‍, രാജവംശവുമായി കച്ചവടബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൊട്ടാരം നിര്‍മ്മിച്ച് രാജാവായ വീരകേരളവര്‍മ്മയ്ക്കു നല്‍കി. പിന്നിടെത്തിയ ഡച്ചുകാര്‍ കൊട്ടാരം പരിഷ്കരിച്ചുവെങ്കിലും ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നില്ല. കൊച്ചി രാജവംശത്തിന്റെ രാജകീയ ഭവനമായി മാറിയ ഈ ഡച്ച് കൊട്ടാരത്തില്‍ വച്ചാണ് രാജവംശത്തിലെ പ്രധാന ചടങ്ങുകളെല്ലാം നടത്തിയിരുന്നത്.

കേരളത്തിന്റെ പരമ്പരാഗത ശൈലിയായ നാലുകെട്ട് ഉള്‍പ്പെടുത്തിയതാണ് ഈ കൊട്ടാരം. നടുമുറ്റത്ത് രാജവംശത്തിന്റെ ധര്‍മ്മദൈവമായ പഴയന്നൂര്‍ ഭഗവതിയുടെ ക്ഷേത്രവും കൊട്ടാരത്തിന്റെ ഇരുവശത്തുമായി ശിവക്ഷേത്രവും, വിഷ്ണുക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നു. കെട്ടിടത്തിന്റെ തറ മുട്ടയുടെ വെള്ളയും, ചില ചെടികളുടെ നീരും നാരങ്ങയും, ചിരട്ടക്കരിയും മറ്റും ചേര്‍ത്തു നിര്‍മ്മിച്ചതു കണ്ടാല്‍ കറുത്ത മാര്‍ബിള്‍ ആണെന്ന് കാഴ്ചക്കാര്‍ സംശയിക്കും. കൂടാതെ അസാധാരണവും, ആകര്‍ഷകവുമായ ചുമര്‍ചിത്രങ്ങള്‍, ചായാചിത്രങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍, പ്രതിമകള്‍, തുടങ്ങിയ പലതും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണുവാന്‍ കഴിയും.